വാക്‌സിൻ ക്ഷാമത്തിനിടെ മോഷണവും: ജയ്പൂരില്‍ 320 ഡോസ് കോവാക്‌സിൻ കാണാനില്ല
രാജസ്ഥാനിലെ ജയ്പൂരിലുള്ള ശാസ്ത്രി നഗറിലെ കൻവതിയ ആശുപത്രിയിലാണ് മോഷണം നടന്നത്. കോൾഡ് സ്റ്റോറേജിൽ നിന്നാണ് മരുന്നുകള്‍ മോഷണം പോയത്
ഭാരത് ബയോടെക്കിന്റെ 320 ഡോസ് കോവാക്സിന്‍ മോഷണം പോയതായി പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാജസ്ഥാനിലെ ജയ്പൂരിലുള്ള ശാസ്ത്രി നഗറിലെ കൻവതിയ ആശുപത്രിയിലാണ് മോഷണം നടന്നത്. കോൾഡ് സ്റ്റോറേജിൽ നിന്നാണ് വാക്സിനുകള്‍ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്ത്രി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കോവാക്സിൻ കുപ്പിയിൽ 10 ഡോസ് വാക്സിനാണ് അടങ്ങിയിട്ടുള്ളത്.
മോഷണം പോയ 32 കുപ്പികളിലായി 320 ഡോസ് വാക്സിനാണുണ്ടായിയിരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വാക്സിൻ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുകയും പൊലീസിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തതായി ചീഫ് മെഡിക്കൽ ഓഫീസർ നരോട്ടം ശർമയും വ്യക്തമാക്കി.
സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തെക്കുറിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരാമർശിക്കുകയും വാക്സിനേഷൻ ക്യാമ്പയിൻ തുടരാൻ പര്യാപ്തമായ സ്റ്റോക്കുകൾ രാജസ്ഥാനിൽ ഇല്ലെന്നും വ്യക്തമാക്കിരുന്നു.അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി അതീവ ഗുരുതരമായത്. ഡൽഹി,കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാകുന്നു. പരിശോധനയും ചികിത്സയും കർശനമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.