72കാരന് ആദ്യം ലഭിച്ചത് കോവാക്സിൻ, രണ്ടാമത് കോവിഷീൽഡ്; പരിഭ്രാന്തിയിൽ വീട്ടുകാർ
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍.
72കാരന് രണ്ടു തവണകളായി ലഭിച്ചത് വിവിധ വാക്സിനുകള്‍. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ദത്താത്രേയ വാഗ്മറെക്കാണ് വാക്സിന്‍ മാറി നല്‍കിയത്.
ഭാരത് ബയോടെക് നിർമിച്ച കോവാക്സിനായിരുന്നു ഇദ്ദേഹം ആദ്യം സ്വീകരിച്ചത്. മുംബൈയിൽ നിന്നും 420 കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമപ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മാർച്ച് 22നായിരുന്നു കുത്തിവെപ്പെടുത്തത്.
രണ്ടാം ഡോസായി സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സിൻ അദ്ദേഹം സ്വീകരിച്ചത് മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ്. കുറച്ച് ദിവസം മുമ്പാണ് രണ്ടു തരം വാക്സിനുകളാണ് സ്വീകരിച്ചതെന്ന് ദത്താത്രേയയും വീട്ടകാരും അറിയുന്നത്.
വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച മകനാണ് പിതാവിന് രണ്ടു തവണകളായി ലഭിച്ചത് രണ്ടുതരം വാക്സിനുകളാണെന്ന് മനസ്സിലായത്. ആദ്യം ലഭിച്ച പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ കോവാക്സിൻ എന്നും ഫൈനൽ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അക്ഷരാഭ്യാസമില്ലാത്തയാളാണ് ദത്തത്രേയ വാഗ്മറെ. തനിക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്ന് മകൻ ദിഗംബർ വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ വാക്സിനുകൾ കൃത്യമായി നൽകുക എന്നത് അധികൃതരുടെ ഉത്തരവാദിത്തമായിരുന്നു എന്നും ദിഗംബർ പറഞ്ഞു.
രണ്ടാം ഡോസ് വാക്സിൻ എടുത്തതുമുതൽ ദത്താത്രേയയ്ക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു, പനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മേലാസകലം തടിച്ചുപൊന്തിയായതായി കാണുന്നുണ്ടെന്നും വീട്ടുകാര്‍ ആശങ്കപ്പെടുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കുടംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. വാക്സിൻ മാറി നൽകിയതെങ്ങനെ എന്ന വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.