ഡല്‍ഹി സരോജ് ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; സീനിയര്‍ സര്‍ജന്‍ മരിച്ചു
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരില്‍ 12 പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഡല്‍ഹി സരോജ ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ മരിക്കുകയും ചെയ്തു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരില്‍ 12 പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകളായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന സീനിയര്‍ സര്‍ജനായ എ കെ റാവത്ത് ആണ് മരിച്ചത്.
ഡല്‍ഹിയിലെ നിരവധി ആശുപത്രികളിലായി ഇതിനോടകം മുന്നൂറിലധികം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോസ്പിറ്റലിലും കൊവിഡ് ബാധ സംഭവിച്ചതിനാല്‍ ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ദില്ലി ജിടിബി ഹോസ്പിറ്റലില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം യുവഡോക്ടര്‍ മരിച്ചു. 26 വയസ്സുള്ള ഡോ. അനസ് മുജാഹിദ് ആണ് മരിച്ചത്. ഞായറാഴ്ച ഡല്‍ഹിയില്‍ 273 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 13,336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.