ഭീകരാക്രമണ കേസിൽ പ്രതിയാക്കപ്പെട്ട മുസ്‌ലിം യുവാവിനെ അഞ്ച് വർഷത്തിന് ശേഷം വിട്ടയച്ചു
അഞ്ച് വർഷത്തോളം ഭീകരാക്രമണ കേസിൽ യു.എ.പി.എ ചാർത്തി ജയിലിലടക്കപ്പെട്ട മുസ്‌ലിം യുവാവിന് ഒടുവിൽ മോചനം. 2005 ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട ത്രിപുര സ്വദേശിയായ മുഹമ്മദ് ഹബീബിനെയാണ് ബെംഗളൂരു എൻ.ഐ.എ കോടതി വെറുതെ വിട്ടത്. മുപ്പത്താറുകാരനായ ഹബീബ് ആക്രമത്തിന്റെ മുഖ്യ സൂത്രധാരൻ ആണെന്നായിരുന്നു പൊലീസ് ആരോപണം. 2017 മാർച്ച് 17 നാണ് ഹബീബിനെ അഗർത്തലയിൽ നിന്നും കർണാടക ആന്റി ടെറർ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് ഹബീബിനെതിരേ മതിയായ യാതൊരു തെളിവുകളോ കുറ്റം ചുമത്തിയതിന് അടിസ്ഥാനമായ എന്തെങ്കിലും അടിസ്ഥാന സാഹചര്യങ്ങളോ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തില്‍ യുവാവിനെ കുറ്റവിമുക്തനാക്കുകയാണെന്ന് ബംഗളൂരു എന്‍ഐഎ കോടതിയിലെ പ്രത്യേക ജഡ്ജി കസനപ്പ നായിക് വ്യക്തമാക്കി.
" സി.ആർ.പി.സി യുടെ സെക്ഷൻ 227 പ്രകാരവും ബഹുമാനപ്പെട്ട സുപ്രീം കോടതി ഇത്തരം തീരുമാനങ്ങളിൽ നടപ്പാക്കിയ നിയപ്രകാരവും കുറ്റാരോപിതൻ തെറ്റ് ചെയ്തെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ വിട്ടയക്കുകയാണ്.' - കോടതി ഉത്തരവിൽ പറയുന്നു.
ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ പ്രതി ചേർക്കപ്പെട്ട മുഹമ്മദ് ഹബീബ് ത്രിപുരയിലെ അഗർത്തല സ്വദേശിയാണ്. വെടിവെപ്പ് കേസിലെ മുഖ്യപ്രതിയെ ജിഹാദിന്റെ പേരിൽ ബംഗളുരുവിൽ കുറ്റകൃത്യങ്ങൾ നടത്താൻ സഹായിച്ചുവെന്നും മറ്റൊരു പ്രതിയെ ബംഗ്ലാദേശ് അതിർത്തി കടക്കാൻ സഹായിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.
വെള്ളിയാഴ്ച ജയിൽമോചിതനായ ഹബീബ് നാട്ടിലേക്ക് തിരിച്ചത്. താൻ ഇതുവരെ ബംഗളുരുവിൽ എത്തിയിട്ടില്ലെന്നും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് വരുമ്പോഴാണ് ആദ്യമായി ഇവിടെ എത്തിയതെന്ന് ജയിൽമോചിതനായ ശേഷം ഹബീബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകന്റെ അറസ്റ്റിന്റെ വേദനയിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു.