ബംഗാളില്‍ വീണ്ടും ഘര്‍വാപസി? ബി.ജെ.പിയില്‍ ചേര്‍ന്ന കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങുന്നു

മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയും മടങ്ങിയെത്തുമെന്ന് സൂചനയുണ്ട്‌

Update: 2021-06-06 12:04 GMT
Advertising

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. മുന്‍ എം.എല്‍.എ പ്രബീര്‍ ഘോസല്‍ ആണ് ഇപ്പോള്‍ തൃണമൂലിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ തുടങ്ങിയവരും നേരത്തെ പാര്‍ട്ടി വിട്ടതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടിയില്‍ താന്‍ തൃപ്തനല്ലെന്ന് ഘോസല്‍ പറഞ്ഞു. അടുത്തിടെ തന്റെ അമ്മ മരണപ്പെട്ടു. എം.പിയായ കല്യാണ്‍ ബന്ദോപാധ്യായയും എം.എല്‍.എ കാഞ്ചന്‍ മുല്ലിക്കും എന്നെ വിളിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചന സന്ദേശമയച്ചു. എന്നാല്‍ ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കള്‍ മാത്രമാണ് അനുശോചനമറിയിച്ചത്.

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയിയുടെ മകന്‍ സുബ്രഗ്ഷു റോയിയും കഴിഞ്ഞ ദിവസം മമതയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. പ്രയാസപ്പെട്ട ഘട്ടത്തില്‍ മമത ബാനര്‍ജി എന്റെ കുടുംബത്തിനൊപ്പം നിന്നു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ബംഗാള്‍ അനുവദിക്കില്ല. രാഷ്ട്രീയത്തില്‍ എന്തും സാധ്യമാണ്-സുബ്രഗ്ഷു റോയ് പറഞ്ഞു.

അദ്ദേഹത്തിന്റെ അച്ഛനും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബന്ധുവും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഗ്ഷു റോയിയുടെ പ്രസ്താവന.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News