കോവിഡ്: ഡൽഹിയില്‍ ആശങ്കയെന്ന് കെജ്‍രിവാള്‍
ഓക്സിജൻ സിലിണ്ടറുകളുടെയും ഐസിയു ബെഡുകളുടെയും എണ്ണം വളരെ വേഗം കുറയുകയാണ്
കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഓക്സിജൻ സിലിണ്ടറുകളുടെയും ഐസിയു ബെഡുകളുടെയും എണ്ണം വളരെ വേഗം കുറയുകയാണ്. 24 മണിക്കൂറിനകം കോവിഡ് പരിശോധനാ റിപ്പോർട്ട് നൽകണമെന്ന് ലാബുകളോട് മുഖ്യമന്ത്രി അവശ്യപ്പെട്ടു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ലാബുകൾ കൂടുതൽ സാമ്പിളുകൾ എടുക്കുന്നത് കൊണ്ടാണ് റിപ്പോർട്ടുകൾ വൈകുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു. രാത്രി 8 മണിക്ക് യോഗം ചേരും. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് രോഗബാധിതർ. 2,34,692 കേസാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നാലാം ദിവസവും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലായി. ഹരിദ്വാറിലെ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ചർച്ച നടത്തി. കേരളം, മഹാരാഷ്ട്ര, യുപി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ആരോഗ്യമന്ത്രി സംസാരിച്ചത്. ഉത്തർപ്രദേശിൽ 10 ദിവസത്തിനുള്ളിൽ രോഗബാധ 7 മടങ്ങ് വർധിച്ചെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.