കോൺഗ്രസല്ല, ബാദലുമാരാണ് പഞ്ചാബ് ഭരിക്കുന്നത്; അമരീന്ദർ സിങ്ങിനെതിരെ വിമർശനം കടുപ്പിച്ച് സിദ്ദു

കോൺഗ്രസ് എംഎൽഎമാരെയും പാർട്ടി പ്രവർത്തകരെയും ശ്രദ്ധിക്കാതെ ബാദൽ കുടുംബത്തിന്റെ താൽപര്യങ്ങൾക്കൊത്താണ് പൊലീസും ഉദ്യോഗസ്ഥവൃന്ദവും പ്രവര്‍ത്തിക്കുന്നത്

Update: 2021-05-09 16:52 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. കോൺഗ്രസിനു പകരം സംസ്ഥാനം ഭരിക്കുന്നത് ബാദലുമാരാണെന്ന് സിദ്ദു ആരോപിച്ചു. കഴിഞ്ഞ ദിവസവും കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി സിദ്ദു രംഗത്തെത്തിയിരുന്നു.

ഇന്ന് ട്വിറ്ററിലൂടെയാണ് അമരീന്ദർ സിങ്ങിനെതിരെ ഒളിയമ്പുമായി സിദ്ദു വീണ്ടും രംഗത്തെത്തിയത്. കോൺഗ്രസ് സർക്കാരിനു പകരം ബാദൽ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന പൊതു അഭിപ്രായം എംഎൽഎമാർക്കിടയിലുണ്ട്. കോൺഗ്രസ് എംഎൽഎമാരെയും പാർട്ടി പ്രവർത്തകരെയും ശ്രദ്ധിക്കുന്നതിനെക്കാളും ബാദൽ കുടുംബത്തിന്റെ താൽപര്യങ്ങൾക്കൊത്താണ്  പൊലീസും ഉദ്യോഗസ്ഥവൃന്ദവും പ്രവര്‍ത്തിക്കുന്നത്. ജനക്ഷേമത്തിനു വേണ്ടിയല്ല, മാഫിയരാജിന്റെ നിരന്തരമുള്ള നിയന്ത്രണത്തിനു വേണ്ടിയാണ് സർക്കാർ ഭരണം തുടരുന്നത്-സിദ്ദു ട്വീറ്റ് ചെയ്തു.

2015ലെ കോട്കാപുര പൊലീസ് വെടിവയ്പ്പിൽ നീതി നടപ്പാക്കാനാകാത്തത് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ കഴിവുകേടാണെന്നായിരുന്നു കഴിഞ്ഞ ദിവസം സിദ്ദു കുറ്റപ്പെടുത്തിയത്. പഞ്ചാബിലെ ഫരീദ്‌കോട്ടിൽ മതഗ്രന്ഥം അശുദ്ധമാക്കിയെന്ന് ആരോപിച്ച് നടന്ന പ്രക്ഷോഭത്തിനു നേരെയാണ് പൊലീസ് വെടിവയ്പ്പ് നടന്നത്. സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. ഇതിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാകാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് സിദ്ദു നേരത്തെയും രംഗത്തെത്തിയിരുന്നു. വെടിവയ്പ്പിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കുമെന്ന വാഗ്ദാനവും പാലിക്കാനായിട്ടില്ലെന്നും ഇതിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും സിദ്ദു വിമർശിച്ചു.

സിദ്ദു അമരീന്ദർ സിങ്ങിനെതിരെ പാളയത്തിൽ പട ആരംഭിച്ചതായി നേരത്തെ വാർത്തയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരുമായും എംഎൽഎമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണ് കരുതപ്പെടുന്നത്. മതനിന്ദ, പൊലീസ് വെടിവയ്പ്പ് കേസുകളിൽ നീതി നടപ്പാക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദം ചെലുത്തുമെന്നും ഇക്കാര്യത്തിലുള്ള ജനങ്ങളുടെ അതൃപ്തി ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുമെന്നും യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ പ്രതികരിച്ചിട്ടുണ്ട്.

എന്നാൽ, സിദ്ദുവിന്റെ പ്രസ്താവന തീർത്തും അച്ചടക്കരാഹിത്യമാണെന്ന് അമരീന്ദർ സിങ് പ്രതികരിച്ചു. ആം ആദ്മി പാർട്ടിയിൽ ചേരാനുള്ള സിദ്ദുവിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അമരീന്ദർ സിങ് ആരോപിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News