ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
അഖില്‍ പ്രമാണിക് എന്നയാളാണ് മരിച്ചത്. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കുടുംബം ആരോപിച്ചു
ബംഗാളിലെ ഈസ്റ്റ് ബർദ്വാൻ ജില്ലയിലെ കൽനയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഖില്‍ പ്രമാണിക് എന്നയാളാണ് മരിച്ചത്. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കുടുംബം ആരോപിച്ചു.
കിഴക്കൻ ബർദ്വാൻ ജില്ലയിലെ കല്യാൺപൂരിലെ കമർ പാരാ പ്രദേശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏപ്രിൽ 17ന് നടന്ന വോട്ടെടുപ്പിന് ശേഷം അഖിൽ പ്രമാണികിനെ ടി.എം.സി അനുഭാവികൾ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ടി.എം.സി ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്ന് കല്‍ന നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി വിശ്വജിത് കുണ്ടു പറഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ടാണ് ടി.എം.സി പ്രവര്‍ത്തകര്‍ പ്രമാണികിനെ ഭീഷണിപ്പെടുത്തിയതെന്നും ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ടി.എം.സി ഈ ആരോപണങ്ങളെ നിഷേധിച്ചു. പ്രമാണികിനെ ഒരു വിധത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബി.ജെ.പി അപവാദങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നും ടി.എം.സി ആരോപിച്ചു.
പ്രദേശത്തെ പ്രധാന ടി.എം.സി നേതാവ് കൂടിയായ പിന്‍റു ഖമാരുവിന്‍റെ കീഴില്‍ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു പ്രമാണിക്. അസുഖബാധിതനായ ഇദ്ദേഹത്തിന് മരുന്ന് വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ല. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.