യു.പിയിൽ നിന്നും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; ഗംഗയിൽ വല സ്ഥാപിച്ച് ബിഹാർ

71 മൃതദേഹങ്ങൾ നദിയിൽ നിന്നെടുത്ത് സംസ്കരിച്ചതായി ബിഹാർ അധികൃതർ.

Update: 2021-05-12 16:28 GMT
Advertising

ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ റാണിഘട്ടിലെ ഗംഗാ അതിർത്തിയിൽ ബിഹാര്‍ വല സ്ഥാപിച്ചു. ഇതുവരെ 71 മൃതദേഹങ്ങൾ നദിയിൽ നിന്നും എടുത്ത് സംസ്കരിച്ചതായാണ് ബിഹാർ അധികൃതർ വ്യക്തമാക്കുന്നത്.

യു.പിയിലെ ഗാസിപൂരിൽ നിന്നുമാണ് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്നാണ് ബിഹാറിന്‍റെ ആരോപണം. എന്നാല്‍ ഇത് യു.പി അംഗീകരിച്ചിട്ടില്ല. അതേസമയം, യു.പിയിലെ ബലിയയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.  

ബിഹാറിലെ ബക്സാർ ജില്ലയിലെ ചൗസയില്‍ മഹാദേവ് ഘട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങളാണവയെന്ന് ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ജാ ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നദിയില്‍ കൂട്ടത്തോടെ മൃതദേഹം തള്ളിയത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞിരുന്നു. ഗംഗാ നദി ശുദ്ധീകരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ എത്രയും വേഗം അന്വേഷണം നടത്തണമെന്നുമാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News