ഗോവയിൽ എൻ.ഡി.എ സഖ്യകക്ഷി മുന്നണി വിട്ടു
സംസ്ഥാന സർക്കാരിന്റെ ഗോവൻ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഗോവ ഫോർവേഡ് പാർട്ടി മുന്നണി വിടുന്നത്
ഗോവയിൽ ഭരണകക്ഷിയായ എൻ.ഡി.എയിലെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി മുന്നണി വിട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഗോവൻ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഇവർ മുന്നണി വിടുന്നത്. എന്നാൽ ഗോവ ഫോർവേഡ് പാർട്ടിയുടെ നീക്കം പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. 40 അംഗ ഗോവ നിയമസഭയിൽ മൂന്നംഗങ്ങളാണ് ഗോവ ഫോർവേഡ് പാർട്ടിക്കുള്ളത്.
2017 ൽ മനോഹർ പരീക്കറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിക്കാനായി വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേഡ് പാർട്ടി പിന്തുണ നൽകിയിരുന്നു. 2019 ൽ പരീക്കറുടെ നിര്യാണത്തെ തുടർന്ന് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രിസഭയിൽ നിന്നും ഗോവ ഫോർവേഡ് പാർട്ടി അംഗങ്ങളെ ഒഴിവാക്കിയത് മുന്നണി ബന്ധം വഷളാവാൻ കാരണമായി.
ഗോവ ഫോർവേഡ് പാർട്ടിയുടെ സംസ്ഥാന എക്സികുട്ടീവ് കമ്മിറ്റിയും രാഷ്ട്രീയകാര്യ കമ്മിറ്റിയുടെ യോഗം ഇന്ന് പനാജിയിൽ ചേർന്നിരുന്നു. ഇതിനു ശേഷമാണ് മുന്നിണിക്കുള്ള പിന്തുണ പിൻവലിക്കുന്നതായി ഔദ്യോഗികമായി കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും എൻ.ഡി.എ ചെയർപേഴ്സണുമായ അമിത് ഷായെ അറിയിച്ചു.