ശ്മശാനത്തിൽ മുസ്‌ലിംകൾ വേണ്ടെന്ന് ബിജെപി; രണ്ടു ദശാബ്ദമായി അവരുണ്ടെന്ന് അധികൃതര്‍

" മുസ്‌ലിം സഹോദരങ്ങൾ കഴിഞ്ഞ വർഷം ചുരുങ്ങിയത് ആയിരം മൃതദേഹങ്ങൾ എങ്കിലും ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്. ആരും ഇക്കാര്യത്തിൽ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ല"

Update: 2021-04-23 11:57 GMT
Editor : abs
Advertising

വഡോദര: രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തോട് യുദ്ധം ചെയ്യുമ്പോൾ ഗുജറാത്ത് വഡോദരയിലെ ബി.ജെ.പി നേതാക്കൾക്ക് ആശങ്ക മറ്റൊന്നാണ്. നഗരത്തിലെ ഖസ്‌വാഡി ശ്മശാനത്തിൽ മുസ്‌ലിംകളുടെ സാന്നിധ്യമാണ് പ്രാദേശിക ബിജെപി നേതാക്കളെ അലോസരപ്പെടുത്തിയത്. 

പാർട്ടി പ്രാദേശിക ഘടകം ഉന്നയിച്ച വിഷയം വഡോദര മുനിസിപ്പൽ കോർപറേഷൻ ചർച്ച ചെയ്തതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചില അംഗങ്ങൾ വിയോജിപ്പുമായി രംഗത്തുവന്നു. എല്ലാ സമുദായങ്ങളും ഒന്നിച്ചു ജോലി ചെയ്യേണ്ട സമയമാണ് ഇതെന്നാണ് മേയർ കെയുർ റൊകാദിയ പ്രതികരിച്ചത്. പ്രശ്‌നം രമ്യമായി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ പതിനാറിനാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഒരു പാർട്ടി നേതാവിന്റെ സംസ്‌കാരച്ചടങ്ങിനായി ബിജെപി സിറ്റി പ്രസിഡണ്ട് ഡോ വിജയ് ഷായും സംഘവും ശ്മശാനത്തിലെത്തി. ഈ സമയത്താണ് ചിതയൊരുക്കുന്ന മുസൽമാനെ നേതാക്കൾ ശ്രദ്ധിച്ചത്. ഇദ്ദേഹം ചിതയൊരുക്കുന്നതിനെ എതിർത്ത വിജയ് ഷാ, മുസ്‌ലിംകളെ ശ്മശാനത്തിലേക്ക് കയറുന്നത് തടയണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.

വോളണ്ടിയർ സേവനം നല്ല പ്രവൃത്തിയാണ്. എന്നാൽ മതാചാരങ്ങളിൽ അറിവില്ലാത്തവർ അതു ചെയ്യുന്നത് സ്വാഗതാർഹമല്ല. ശ്മശാനത്തിലേക്ക് തടിയും ചാണകവും നൽകുന്ന കോൺട്രാക്ടറാണ് ഇയാൾ എന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ സാന്നിധ്യം അകത്ത് ആവശ്യമില്ല എന്ന് ശ്മശാനം അധികൃതരോട് പറഞ്ഞിട്ടുണ്ട്- ഷാ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

രണ്ടു ദശാബ്ദമായി ശ്മശാനത്തിൽ ജോലി ചെയ്യുന്നയാളാണ് ഇയാളെന്ന് ക്രിമിറ്റോറിയം അധികൃതർ പറഞ്ഞു. 'റമദാൻ ആയതു കൊണ്ട് അദ്ദേഹം തൊപ്പി ധരിച്ചിരുന്നു. മുസ്‌ലിം സഹോദരങ്ങൾ കഴിഞ്ഞ വർഷം ചുരുങ്ങിയത് ആയിരം മൃതദേഹങ്ങൾ എങ്കിലും ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്. ആരും ഇക്കാര്യത്തിൽ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ല. കാരണം ആരും അതു കാണുന്നുണ്ടായിരുന്നില്ല' - അധികൃതർ വ്യക്തമാക്കി.

വഡോദരയിൽ മഹാമാരി ആരംഭിച്ചത് മുതൽ സംസ്‌കാരച്ചടങ്ങുകൾക്കായി മുസ്‌ലിം യുവാക്കൾ മുൻനിരയിലുണ്ട്. ക്വാറന്റൈൻ മൂലം മൃതദേഹങ്ങളുടെ കൂടെപ്പോകാൻ കുടുംബാംഗങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ ഇവരുടെ സംസ്‌കാരച്ചടങ്ങുകൾ ഏറ്റെടുത്ത് നടത്തുന്നത് മുസ്‌ലിംകളാണ്. 

Tags:    

Editor - abs

contributor

Similar News