ഭരണകാലത്ത് ബിജെപി ശിവസേനയെ കണ്ടത് അടിമകളെപ്പോലെ: സഞ്ജയ് റാവത്ത്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്‍റെ പ്രസ്താവന
മഹാരാഷ്ട്രയിലെ കഴിഞ്ഞ ഭരണകാലത്ത് ബിജെപി തങ്ങളെ അടിമകളായാണ് കണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി. ബിജെപി ശിവസേനയെ ഇല്ലാതാക്കാന്‍ ശ്രമം നടത്തിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുൻ സർക്കാറിൽ ശിവസേനക്ക് ബി.ജെ.പിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ നമ്മളോട് അടിമകളെപ്പോലെയാണ് പെരുമാറിയത്. നമ്മുടെ പിന്തുണ കാരണം ബി.ജെ.പി അധികാരം കൈയാളിയെങ്കിലും, അത് ദുരുപയോഗം ചെയ്ത് പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അവര്‍ നടത്തി' സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്‍റെ പ്രസ്താവന. താക്കറെ - മോദി കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ അഭ്യൂഹങ്ങള്‍ക്കാണ് വഴിവെച്ചത്. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ, നിയമസഭ സമിതി അധ്യക്ഷന്‍ അശോക് ചവാൻ എന്നിവർക്കൊപ്പം ഔദ്യോഗിക ചർച്ചക്ക് ഡൽഹിയിൽ ചെന്ന താക്കറെ അരമണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
2019ൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടാണ് ശിവസേന - ബി.ജെ.പി സഖ്യം തകരുന്നത്. ബി.ജെ.പിയുടെ ഏറെ കാലത്തെ സഖ്യകക്ഷിയായിരുന്ന സേന പിന്നീട് മഹാ വികാസ് സർക്കാർ രൂപീകരിക്കാൻ എൻ.സി.പി, കോൺഗ്രസ് എന്നിവരുമായി കൈകോർക്കുകയായിരുന്നു.