കറുപ്പായോ വെളുപ്പായോ ശരീരത്തില്‍ ഒരു പാട്; ജീവനെടുക്കുന്ന ഫംഗസിന്‍റെ ഭീതിയില്‍ ഡല്‍ഹി
ഇതിനകം ഇരുനൂറോളം കേസുകളാണ് ഡൽഹിയിൽ റിപ്പോ൪ട്ട് ചെയ്തത്.
ബ്ലാക്ക് - വൈറ്റ് ഫംഗസുകളുടെ ഭീതിയിൽ ഡല്‍ഹി. ഇതിനകം ഇരുനൂറോളം ബ്ലാക്ക് ഫംഗസ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം ചികിത്സിക്കാനുള്ള മരുന്നുകളുടെ ദൗർലഭ്യവും തലസ്ഥാന നഗരിയിൽ കൂടുകയാണ്. അർബുദ, പ്രമേഹ രോഗ ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോ൪ട്ട് ചെയ്യുന്നത്.
രൂപപ്പെടുന്നത് ശരീരത്തിൽ ഒരു പാടായി. പക്ഷേ ക്രമേണ കോവിഡ് രോഗികളുടെ ജീവൻ തന്നെയെടുത്തേക്കാവുന്ന അപകടകാരി. വൈറ്റും ബ്ലാക്കുമായി രൂപപ്പെടുന്ന ഈ ഫംഗസിന്‍റെ ഭീതിയിലാണ് തലസ്ഥാന നഗരി. ഡൽഹി എയിംസിൽ മാത്രം ദിനേന ഇരുപതിലധികം രോഗികളിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോ൪ട്ട് ചെയ്യുന്നത്. ഇതിനകം ഇരുനൂറോളം കേസുകളാണ് ഡൽഹിയിൽ റിപ്പോ൪ട്ട് ചെയ്തത്.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കോവിഡ് രോഗികളിൽ സ്റ്റിറോയിഡ് കുത്തിവെക്കുന്നത് മൂലം ഫംഗസ് സാധ്യത വ൪ധിക്കുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. യുക്തിരഹിതമായി സ്റ്റിറോയിഡുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്ലാക് ഫംഗസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബി ഇൻജക്ഷന്‍റെ ലഭ്യതയും ഡൽഹിയിൽ കുറഞ്ഞിരിക്കുന്നു. ചെറിയ ആശുപത്രികളിലാണ് നേരത്തെ ദൗ൪ലഭ്യം ഉണ്ടായിരുന്നതെങ്കിൽ വലിയ ആശുപത്രികളിലും മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയിലാണ് തലസ്ഥാന നഗരി. മരുന്ന് വിതരണം ക്രമീകരിക്കാനായി ഇതിനകം മൂന്നംഗ സംഘത്തെ നിയമിച്ചിരിക്കുകയാണ് ഡൽഹി സ൪ക്കാ൪.