റെംഡിസിവിര്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങണം; വിതരണം നിര്‍ത്തുന്നുവെന്ന് കേന്ദ്രം
രാജ്യത്ത് ആവശ്യത്തിലധികം റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്നതിനാലാണ് നടപടി.
കോവിഡ് ആന്‍റിവൈറല്‍ മരുന്നായ റെംഡിസിവിര്‍ സ്വന്തം നിലയ്ക്ക് സംഭരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. മരുന്നിന്റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ് സഹമന്ത്രി മന്‍സുഖ് മന്ദവിയ അറിയിച്ചു. രാജ്യത്ത് മരുന്ന് ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് ഏജന്‍സിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
രാജ്യത്ത് ആവശ്യത്തിലധികം റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്നതിനാലാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രീകരണ വിതരണം നിര്‍ത്തിവെക്കുന്നതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 20ല്‍ നിന്ന് 60ആയി വര്‍ധിപ്പിച്ചു. പ്രതിദിനം 3,50,000 വയല്‍ റെംഡിസിവിര്‍ ആണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നതെന്നും ഏപ്രില്‍ മാസത്തെ പ്രതിദിന ഉത്പാദനത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
98.87 ലക്ഷം വയല്‍ റെംഡിസിവിറാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ വിതരണം ചെയ്തത്. മെയ് 30 വരെ 22.17 ലക്ഷം വയല്‍ മരുന്ന് കൂടി നല്‍കും. ഭാവിയിലെ അടിയന്തര ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം വയല്‍ റെംഡിസിവിര്‍ സംഭരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടിയിലൂടെ റെംഡിസിവിറിന്‍റെ വില മരുന്നുകമ്പനികള്‍ കുറച്ചിരുന്നു. രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെ റെംഡിസിവിര്‍ കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. അതേസമയം, കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റെംഡിസിവിറിനുള്ള കസ്റ്റംസ് നികുതിയും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഉത്പാദനത്തിനുള്ള വസ്തുക്കള്‍ക്കും നികുതി കുറച്ചിരുന്നു.