ബംഗാൾ മുൻ ചീഫ് സെക്രട്ടറി ബന്ദോപാധ്യായയ്‌ക്കെതിരെ കൂടുതൽ നടപടിക്കൊരുങ്ങി കേന്ദ്രം
കാരണം കാണിക്കൽ നോട്ടീസിനു നൽകിയ വിശദീകരണം പഠിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവ് പ്രതികരിച്ചു
ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയ്‌ക്കെതിരെ കേന്ദ്രം കൂടുതൽ നടപടിക്കൊരുങ്ങുന്നു. കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസിന് ബന്ദോപാധ്യായ നൽകിയ വിശദീകരണം പഠിച്ചുവരികയാണെന്നും എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഉടൻ തന്നെ തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൃത്തം പ്രതികരിച്ചു.
യാസ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 15 മിനിറ്റ് വൈകിയെത്തിയതിനെ തുടർന്നായിരുന്നു കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിയും ബംഗാൾ ഗവർണറും മറ്റു കേന്ദ്രമന്ത്രിമാരും എത്തി യോഗം ആരംഭിച്ച് മിനിറ്റുകൾ കഴിഞ്ഞാണ് മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം ബന്ദോപാധ്യായ യോഗസ്ഥലത്തെത്തിയത്. സംസ്ഥാനത്തെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി മമതയും ബന്ദോപാധ്യയും ഉടൻ സ്ഥലം വിടുകയും ചെയ്തിരുന്നു.
ഇതോടൊപ്പം മമത മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്താത്തതും കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. സംഭവത്തിനു പിറകെ ബന്ദോപാധ്യായയെ കേന്ദ്രം തിരിച്ചുവിളിച്ചു. എന്നാൽ, സർവീസിൽനിന്നു വിരമിക്കുകയാണ് ബന്ദോപാധ്യായ ചെയ്തത്. തൊട്ടുപിറകെ ഇദ്ദേഹത്തെ മമത മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. ബന്ദോപാധ്യായ വിരമിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയായിരുന്നു ഇത്.
നേരത്തെ നിശ്ചയിച്ചതു പ്രകാരം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോകുകയായിരുന്നെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിശദീകരണക്കുറിപ്പിൽ ബന്ദോപാധ്യായ പറഞ്ഞു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ അനുമതി തേടിയ ശേഷമാണ് യോഗത്തിനിരിക്കാതെ ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കാൻ പോയതെന്നും ബന്ദോപാധ്യായ വ്യക്തമാക്കി. പുതിയ ബംഗാൾ ചീഫ് സെക്രട്ടറി ഹരികൃഷ്ണ ദ്വിവേദിയും സംഭവത്തിൽ കേന്ദ്രത്തിനു വിശദീകരണം നൽകിയിട്ടുണ്ട്.