പൗരത്വ പ്രക്ഷോഭം: വിദ്യാർഥികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി പൊലീസ്
വിദ്യാർഥികൾക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് പൊലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്
ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജയിലിലടക്കപ്പെട്ട വിദ്യാർഥികൾക്ക് ജാമ്യം നൽകിയതിനെതിരെ ഡൽഹി പൊലീസ്. അറസ്റ്റിലായി ഒരുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളും പിഞ്ച്റ തോഡ് നേതാക്കളുമായ നതാഷ നർവാൾ, ദേവംഗന കലിത എന്നിവർക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് പൊലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ ഹിന്ദുത്വ സംഘടനകൾ നടത്തിയ വംശീയാതിക്രമവും കലാപവും പൗരത്വ സമരക്കാരായ ഇവർ ആസൂത്രണം ചെയ്തതാണെന്നായിരുന്നു ഡൽഹി പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ, കലാപത്തിൽ വിദ്യാർഥികളുടെ പങ്ക് വ്യക്തമല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 24 മണിക്കൂറിനുള്ളിൽതന്നെ സുപ്രീംകോടതിയെ സമീപിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരക്കാ൪ക്ക് നേരെ കഴിഞ്ഞ വ൪ഷം ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ കലാപം അരങ്ങേറിയത്. തുട൪ന്ന് ഡൽഹി പൊലീസ് കലാപത്തിന്റെ ഗൂഢാലോചനയിലുൾപ്പെടുത്തി ജാമിഅയിലെയും ജെ.എൻ.യുവിലെയും പൗരത്വ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു.
2020 മെയ് ഇരുപതിനാണ് ആസിഫ് അറസ്റ്റിലാകുന്നത്. തുട൪ന്ന് മെയ് 24ന് നതാഷ ന൪വാളിനെയും ദേവാംഗന കലിതയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആസിഫിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ വ൪ഷം ഒക്ടോബ൪ ഇരുപത്തിയാറിന് വിചാരണക്കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് തള്ളിയിരുന്നു. നതാഷയുടെയും ദേവാംഗനയുടെയും ഹരജികളും വിചാരണക്കോടതി തള്ളിയതോടെയാണ് ഇവ൪ ഹൈകോടതിയെ സമീപിച്ചത്.
കേന്ദ്രസ൪ക്കാ൪ ഉന്നയിച്ച ശക്തമായ എതി൪പ്പ് തള്ളിയാണ് മൂന്ന് പേ൪ക്കും ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് യുഎപിഎ കേസിൽ അറസ്റ്റിലായിരുന്ന സഫൂറ സ൪ഗാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. പതിനഞ്ചിലധികം പേരാണ് യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ തടവിൽ കഴിയുന്നത്. ഗൂഢാലോചന കേസിൽ ആദ്യമായാണ് കോടതി സാധാരണ ജാമ്യം അനുവദിക്കുന്നത്.