കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യനില ഗുരുതരമായി; കോണ്‍ഗ്രസ് എംപി രാജീവ് സാതവ് അന്തരിച്ചു
രാജീവിന്‍റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുല്‍ ഗാന്ധി
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് രാജ്യസഭാ എംപി രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പുനെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ് ഭേദമായതിന് പിന്നാലെയാണ് രാജീവ് സാതവിന്‍റെ ആരോഗ്യനില മോശമായത്. മെയ് 9ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നാലെ ന്യൂമോണിയ ബാധിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് രാജീവ് സാതവ്. 46 വയസ്സായിരുന്നു. രാഹുൽ ഗാന്ധിയോട് വളരെ അടുപ്പമുള്ള നേതാവായിരുന്നു അദ്ദേഹം. രാജീവിന്‍റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച, വളരെ കഴിവുറ്റ നേതാവായിരുന്നു രാജീവ് സാതവെന്ന് രാഹുല്‍ അനുസ്മരിച്ചു.