26 ദിവസത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ 3 ലക്ഷത്തില്‍ താഴെയായി
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് 12 മുതൽ 16 ആഴ്ച വരെയാക്കി കോവിൻ ആപ് പരിഷ്കരിച്ചു
രാജ്യത്ത് 26 ദിവസത്തിന് ശേഷം കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയായി. കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് 12 മുതൽ 16 ആഴ്ച വരെയാക്കി കോവിൻ ആപ് പരിഷ്കരിച്ചു. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുളള പാർശ്വഫലം നാമമാത്രമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകി.
കഴിഞ്ഞ ഏപ്രിൽ 21 ന് ശേഷം ആദ്യമായാണ് കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്.. ഇന്ന് 2,81,386 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,106 പേർ മരിച്ചപ്പോൾ 3,78,741 പേർ രോഗമുക്തരായി. രാജ്യത്ത് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച10 ലക്ഷം പേരിൽ 0.61 പേർക്കാണ് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും യു കെയെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങൾ കുറവാണെന്നും വിദഗ്ധ സമിതി റിപ്പോർട്ട് നൽകി.
കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് കാലയളവ് 12 മുതൽ 16 വരെയാക്കി കോവിൻ ആപ് കോൺഫിഗർ ചെയ്തു. എന്നാൽ മുന്‍പ് രജിസ്റ്റർ ചെയ്തവർക്ക് മുൻ നിശ്ചയ പ്രകാരം വാക്സിൻ ലഭിക്കും. കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കിയേക്കും. ഫലപ്രാപ്തി കുറവായതാണ് കാരണം. ഐസിഎംആർ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തും.
ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച 2DG എന്ന കോവിഡ് ചികിത്സാ മരുന്നിന്‍റെ ആദ്യ ബാച്ച് പുറത്തിറക്കി. രാജ്യത്ത് റെംഡീസിവർ മരുന്നിന്‍റെ ഉത്പാദനം പ്രതിമാസം 38 ലക്ഷത്തിൽ നിന്ന് 1.19 കോടിയായി ഉയർത്തി. പി എം കെയർ ഫണ്ട് വഴി വിതരണം ചെയ്ത വെന്‍റിലേറ്ററുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് രാഹുൽ ഗാന്ധി രംഗത്തെത്തി... ഇവ രണ്ടിന്‍റെയും പേരിൽ വ്യാജ പ്രചാരണം നടന്നെന്നും കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും ആവശ്യമുള്ളപ്പോൾ കാണാൻ സാധിച്ചില്ലെന്നുമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.