സംസ്ഥാനങ്ങള്‍ക്ക് വാക്സിനില്ല, സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ ലഭിക്കുന്നു? കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍

18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

Update: 2021-05-29 11:47 GMT
Advertising

വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭ്യമാവുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം. 18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അത് ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. 

സംസ്ഥാനത്തെ 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം ആളുകള്‍ക്ക് 1.84 കോടി ഡോസ് വാക്‌സിനാണ് ആവശ്യം. ഏപ്രിലില്‍ 4.5 ലക്ഷം ഡോസ് വാക്‌സിനും മെയ് മാസത്തില്‍ 3.67 ലക്ഷം ഡോസ് വാക്‌സിനുമാണ് ലഭിച്ചത്. 5.5 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്ത മാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18- 44 വയസ്സ് പ്രായമുള്ളവര്‍ക്കായി 8.17 ലക്ഷം ഡോസ് ഡല്‍ഹി സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിയിരുന്നു. ആഗോള വിപണിയില്‍ നിന്ന് ഒരു കോടി ഡോസ് വാക്‌സിന്‍ അടിയന്തരമായി വാങ്ങാനാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നീക്കം. 

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ഇതുവരെ 47.44 ലക്ഷം ഡോസ് വാക്‌സിനാണ് ഡല്‍ഹി സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 44.76 ലക്ഷം ഡോസ് ഇതിനോടകം വിതരണം ചെയ്തെന്നും മനീഷ് സിസോദിയ അറിയിച്ചു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News