വിവേചനപരം; വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഇന്ത്യ
ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട്.
വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള വികസിത രാജ്യങ്ങളുടെ നീക്കത്തെ എതിര്‍ക്കുമെന്ന് ഇന്ത്യ. വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യ ഇതിനെതിരെ നിലപാട് വ്യക്തമാക്കിയത്. ജൂണ്‍ 11 മുതല്‍ 13വരെ ബ്രിട്ടനിലാണ് ജി7 ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ ക്ഷണിതാവായി ഇന്ത്യയും പങ്കെടുക്കുന്നുണ്ട്.
വാക്‌സിന്‍ പാസ്‌പോര്‍ട്ട് തീര്‍ത്തും വിവേചനപരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ കുറഞ്ഞ വാക്‌സിനേഷന്‍ ഒരിക്കലും വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. വാക്‌സിന്‍ ലഭ്യത, അവയുടെ ഗതാഗതവും വിതരണവും, സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം തീര്‍ത്തും വിവേചനപരമാണ്-ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട്. നിലവില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിക്കണമെങ്കില്‍ മഞ്ഞപ്പനിക്കെതിരായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.