മേയ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് മരണം പ്രതിദിനം 5000 കവിയുമെന്ന് പഠനം
എന്നാല്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞം ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനം പറയുന്നു
കോവിഡ് രണ്ടാം തരംഗം ഇന്ത്യയിലെത്തിയത് പതിയെ ആണെങ്കിലും ആദ്യത്തേതിനെക്കാള്‍ ഇരട്ടി ആഘാതമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഭീതികരമായ വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങള്‍ ഇതിലും കഠിനമായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മേയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5600 ആകുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാകുന്നത്. എന്നാല്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞം ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനം പറയുന്നു. വരും ആഴ്ചകളില്‍ ഇന്ത്യയിലെ സ്ഥിതി വളരെയധികം മോശമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ നിലവിലെ കോവിഡ് കേസുകളുടെയും മരണത്തിന്‍റെയും കണക്കുകള്‍ വിദഗ്ധര്‍ വിലയിരുത്തി. ഏപ്രില്‍ 12 മുതല്‍ ആഗസ്ത് 1 വരെ രാജ്യത്ത് മൂന്നു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും.