പഞ്ചാബിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
വിമാന,റോഡ്,റെയില്‍ മാര്‍ഗമെത്തുന്ന യാത്രക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കോവിഡ് കേസുകള്‍ കൂടുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിമാന,റോഡ്,റെയില്‍ മാര്‍ഗമെത്തുന്ന യാത്രക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സിനിമാ ഹാളുകൾ, ബാറുകൾ, ജിംനേഷ്യം എന്നിവ അടച്ചുപൂട്ടണം. റെസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.ഈ നിയന്ത്രണങ്ങൾ നേരത്തേയുള്ളവയ്ക്ക് പുറമേ മെയ് 15 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പഞ്ചാബ് ആഭ്യന്തര വകുപ്പ് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും നൽകിയ നിർദേശത്തില്‍ പറയുന്നു.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. മരുന്നുകളും അവശ്യവസ്തുക്കളായ പാൽ, റൊട്ടി, പച്ചക്കറികൾ, പഴങ്ങൾ, പാൽ, മുട്ട, മാംസം, മൊബൈൽ റിപ്പയർ എന്നിവക്ക് തുറന്നുപ്രവര്‍ത്തിക്കാം. ഒരു കാറില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇരുചക്ര വാഹനങ്ങളില്‍ ഒരേ കുടുംബത്തില്‍ പെട്ട രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും 50 ശതമാനം ആളുകളോടെ പ്രവര്‍ത്തിക്കണം. വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ 10 ആളുകളില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ വൈകിട്ട് 6 മണിയോടെ അടക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല. തെരുവ് കച്ചവടക്കാര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പച്ചക്കറി മാര്‍ക്കറ്റുകളില്‍ സാമൂഹ്യ അകലം പാലിക്കണം.
കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ശനിയാഴ്ച 7,041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന കേസാണ് ഇത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,77,990 ആയി ഉയർന്നു.