കോവിഡ്: രാജ്യത്ത് അനാഥരായത് 9000 കുട്ടികള്‍

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെ രാജ്യത്ത് 577 കുട്ടികള്‍ക്ക് രക്ഷിതാക്കളെ നഷ്ടമായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

Update: 2021-06-01 12:52 GMT
Advertising

കോവിഡ് മൂലം രാജ്യത്ത് 9000 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍. ഇതില്‍ 1000 കുട്ടികള്‍ക്ക് മാതാവിനെയും പിതാവിനെയും നഷ്ടമായിട്ടുണ്ട്. ഇതുവരെ ലഭ്യമായ കണക്ക് മാത്രമാണ് ഇതെന്നും വിവരശേഖരണം പൂര്‍ത്തിയാവുമ്പോള്‍ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെ രാജ്യത്ത് 577 കുട്ടികള്‍ക്ക് രക്ഷിതാക്കളെ നഷ്ടമായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അതിനിടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിനെ കുറിച്ചും പദ്ധതികളുടെ അവലോകനത്തിന് സ്വീകരിച്ച മാര്‍ഗങ്ങളെ കുറിച്ചും അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാറും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാറുകളും കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഇവര്‍ക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കോളേജ് തലം വരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. 23 വയസാവുമ്പോള്‍ തിരികെ ലഭിക്കുന്ന വിധത്തില്‍ ഇവരുടെ പേരില്‍ 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും നടത്തും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഇതിനായി പണം കണ്ടെത്തുക.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News