'തേജസ്വി സൂര്യയ്ക്ക് മുസ്‌ലിംകളെ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു, അവരെന്റെ സഹോദരങ്ങൾ'; തിരിച്ചടിച്ച് ഡികെ ശിവകുമാർ
"ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്‌ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്"
ബംഗളൂരു: കോവിഡ് വാർഡിലെ 17 മുസ്‌ലിം ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മുസ്‌ലിംകളോട് തേജസ്വി സൂര്യയ്ക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ തോന്നുന്നുവെന്നും എംപിയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മുസ്‌ലിംകളെ തേജസ്വി സൂര്യയ്ക്ക് ഇത്തരത്തിൽ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്‌ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്. നമുക്ക് വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകാം. എന്നാൽ ധർമ്മവും ദൈവത്തിലേക്കുള്ള മാർഗവും ഒന്നാണ്' - ഡികെ പറഞ്ഞു.
ഒരിക്കൽ ഇദ്ദേഹം ബംഗളൂരുവിനെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന ഇടം എന്ന് വിശേഷിപ്പിച്ചയാളാണ്. പ്രകോപന പ്രസ്താവനകൾ നടത്തുന്ന ഇയാളെ പോലുള്ളവരെ അറസ്റ്റു ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം കൊടുക്കണം. മുസ്‌ലിംകളെ രാജ്യത്തു നിന്ന് തുടച്ചുനീക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ഞങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി ഞങ്ങൾ യുദ്ധം ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.
ബൃഹദ് ബംഗളൂരു മഹാനഗര പാലിക(ബിബിഎംപി)യുടെ കോവിഡ് വാർഡിലെ മുസ്‌ലിം ജീവനക്കാർക്കു നേരെയാണ് തേജസ്വി സൂര്യ വർഗീയ വിഷം ചീറ്റിയത്. 'ഏത് ഏജൻസിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ജിഹാദികൾക്ക് ജോലി നൽകാൻ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ ആണോ?' - എന്നിങ്ങനെയായിരുന്നു എംപിയുടെ പരാമർശങ്ങൾ.
അതിനിടെ, സംഭവം വിവാദമായതിന് പിന്നാലെ തേജസ്വി സൂര്യ മാപ്പപേക്ഷയുമായി രംഗത്തെത്തി. തന്റെ കൈയിൽ കിട്ടിയ പട്ടിക താൻ വായിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. കോവിഡ് രോഗികൾക്ക് കിടക്കകൾ അനുവദിക്കുന്നതിൽ വൻ അഴിമതി നടക്കുന്നു എന്നായിരുന്നു സൂര്യയുടെ ആരോപണം. ഇതിലാണ് ഇദ്ദേഹം മുസ്‌ലിം ജീവനക്കാരുടെ പേരെടുത്ത് കുറ്റപ്പെടുത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നേത്ര, രോഹിത് എന്നിങ്ങനെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.