വാതില്‍പ്പടി റേഷന്‍ പദ്ധതിക്ക് അനുമതി നല്‍കണം; മോദിക്ക് കത്തയച്ച് കെജ്രിവാള്‍
കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾ പദ്ധതിയില്‍ വരുത്താൻ തയാറാണെന്നും കെജ്രിവാള്‍ കത്തില്‍ സൂചിപ്പിച്ചു.
ഡല്‍ഹിയില്‍ വാതില്‍പ്പടി റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് കെജ്രിവാള്‍ കത്തയച്ചത്.
72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾ പദ്ധതിയില്‍ വരുത്താൻ തയാറാണെന്നും കെജ്രിവാള്‍ കത്തില്‍ സൂചിപ്പിച്ചു. രാജ്യ താത്പര്യപ്രകാരമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെ എ.എ.പി സര്‍ക്കാര്‍ ഇതുവരെ പിന്തുണച്ചിട്ടുണ്ടെന്നും പ്രസ്തുത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കെജ്രിവാള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പിസയും, ബർഗറും, സ്മാർട്ട്ഫോണുകളും മറ്റും ഹോം ഡെലിവറിയായി വീട്ടിലെത്തിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് റേഷൻ വാതില്‍പ്പടി വിതരണം ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. റേഷൻകടകളിലേക്ക് ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് കാലത്ത് അപകടമാണെന്നും റേഷൻ കടകൾ സൂപ്പർ സ്പ്രെഡുകളായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി ആവിഷ്കരിച്ചത്. കോവിഡ് സാഹചര്യത്തില്‍ കടയിൽ പോയി റേഷൻ വാങ്ങാൻ മടിക്കുന്നവർക്ക് ഈ പദ്ധതി സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.