ഡൽഹിയിൽ ഈ മാസം അവസാനം മുതൽ അൺലോക്കിങ് ആരംഭിക്കും
തിങ്കളാഴ്ച മുതൽ വ്യവസായശാലകളും നിർമാണപ്രവൃത്തികളും പുനരാരംഭിക്കും
ഈ മാസം അവസാനത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുമാറ്റാനുള്ള നടപടികൾ ആരംഭിക്കാൻ ഡൽഹി. കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് 31ന് അൺലോക്കിങ് ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.
ഘട്ടംഘട്ടമായായിരിക്കും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുക. തിങ്കളാഴ്ച വ്യവസായശാലകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കും. നിർമാണപ്രവൃത്തികൾക്കും തിങ്കളാഴ്ച മുതൽ നിയന്ത്രണമൊഴിവാക്കും. മറ്റു നിയന്ത്രണങ്ങളും പതിയെ എടുത്തുമാറ്റും.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 19 മുതൽ രാജ്യതലസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ കോവിഡ് കേസുകളിൽ ഗണ്യമായ തോതിൽ കുറവ് റിപ്പോർട്ട് ചെയ്തതോടെയാണ് ഡൽഹി ഭരണകൂടം തീരുമാനം പുനപരിശോധിച്ചത്. നിലവിൽ 1.5 ആണ് ഡൽഹിയിലെ പോസിറ്റീവിറ്റി നിരക്ക്.
അതേസമയം, കോവിഡ് നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് കെജ്രിവാൾ ഓർമപ്പെടുത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് അദ്ദേഹം ജനങ്ങളോട് നിർദേശിച്ചു. കോവിഡ് കേസ് വീണ്ടും ഉയർന്നാൽ അൺലോക്കിങ് നിർത്തിവയ്ക്കുമെന്നും ഡൽഹി മുഖ്യമന്ത്രി സൂചിപ്പിച്ചു.