ശരീരത്തില്‍ കോവിഡ് ആന്‍റിബോഡി സാന്നിധ്യം കണ്ടെത്താനുള്ള കിറ്റുമായി ഡി.ആര്‍.ഡി.ഒ
ജൂൺ ആദ്യവാരം മുതല്‍ കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിച്ചു തുടങ്ങും.
മനുഷ്യ ശരീരത്തില്‍ കോവിഡ് ആന്‍റിബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). പ്ലാസ്മയിലെയും മേദസിലെയും ആന്‍റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ് 'ഡിപ്കോവാന്‍' എന്ന കിറ്റ്. 75 മിനിട്ടുകൊണ്ട് പരിശോധന നടത്താം എന്നതാണ് പ്രത്യേകത.
ഐ.സി.എം.ആര്‍ ഏപ്രില്‍ മാസത്തില്‍ കിറ്റിന് അംഗീകാരം നല്‍കിയിരുന്നു. കിറ്റ് ഉത്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ), സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.), കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം എന്നിവ അടുത്തിടെ അനുമതി നല്‍കിയിരുന്നു.
18 മാസമാണ് ഒരു കിറ്റിന്‍റെ കാലാവധി. ജൂൺ ആദ്യവാരം മുതല്‍ വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്‌സ് കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിച്ചു തുടങ്ങും. 10,000 ടെസ്റ്റുകള്‍ നടത്താനാവശ്യമായ 100 കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. പ്രതിമാസം 500 കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് നിര്‍മാതാക്കള്‍ക്കുള്ളത്. 75 രൂപയാവും പരിശോധനയ്ക്കുള്ള ചെലവ്.
ഒരാള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നും അയാളുടെ ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ആന്‍റിബോഡി ഉണ്ടോ എന്നും കിറ്റ് ഉപയോഗിച്ച് കണ്ടെത്താം. സിറോ സര്‍വെ അടക്കമുള്ളവയില്‍ കിറ്റ് പ്രയോജനപ്പെടും. ഡി.ആര്‍.ഡി.ഒയുടെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സസ് ലബോറട്ടറിയാണ് കിറ്റ് വികസിപ്പിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തു.