'ഓണ്‍ലൈന്‍ ക്ലാസ് സമയം കുറച്ചതില്‍ ഹാപ്പി, പക്ഷേ സ്കൂള്‍ മിസ് ചെയ്യുന്നു'; അധ്യാപകരെ തിരുത്തിയ മിടുക്കി പറയുന്നു..

ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളും താങ്ങാന്‍ കഴിയുന്നില്ലെന്ന കുരുന്നിന്‍റെ പരാതിയില്‍ നടപടി

Update: 2021-06-06 08:21 GMT
Advertising

എന്തിനാ കൊച്ചുകുട്ടികളെ കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നതെന്ന ആറ് വയസ്സുകാരിയുടെ പരാതിയില്‍ നടപടി. 4 മണിക്കൂറായിരുന്ന പ്രീ പ്രൈമറി വിഭാഗം ഓണ്‍ലൈന്‍ ക്ലാസിന്‍റെ ദൈര്‍ഘ്യം അര മണിക്കൂറായി കുറച്ചു. ജമ്മു കശ്മീരിലാണ് സംഭവം.

മഹിറ ഇര്‍ഫാന്‍ എന്നാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആ മിടുക്കിയുടെ പേര്. ശ്രീനഗറില്‍ മഹാരാജ്പുര കോളനിയില്‍ താമസം. നാല് മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ്സിലിരുന്നും ഹോം വര്‍ക്ക് ചെയ്തും മടുത്ത മഹിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ പരാതി പറയാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡും ലോക്ക്ഡൌണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി സാബ് ആണ് തീരുമാനിക്കുന്നതെന്ന് പിതാവ് പറഞ്ഞതുകൊണ്ടാണ് പ്രധാനമന്ത്രിയോട് തന്നെ പരാതി പറയാന്‍ തീരുമാനിച്ചതെന്ന് മഹിറ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ വീഡിയോയില്‍ മഹിറ പറഞ്ഞതിങ്ങനെ..

"രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഓണ്‍ലൈന്‍ ക്ലാസ്. ഇംഗ്ലീഷ്, കണക്ക്, ഉറുദു എന്നിവക്ക് പുറമെ കമ്പ്യൂട്ടര്‍ ക്ലാസുകളുമുണ്ട്. കൊച്ചുകുട്ടികളെ കൊണ്ട് എന്തിനാ ഇങ്ങനെ പണിയെടുപ്പിക്കുന്നെ? 6, 7 ക്ലാസ്സുകളിലുള്ള മുതിര്‍ന്ന കുട്ടികള്‍ക്കുള്ള അത്രയും ജോലി ഞങ്ങള്‍ക്കും തരുന്നു. എന്തിനാ ഇത്രയും നീണ്ട ഓണ്‍ലൈന്‍ ക്ലാസ് മോദി സാബ്?".

ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളും കുഞ്ഞുങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് നിഷ്കളങ്കമായി പരാതിപ്പെട്ട കുരുന്നിനെ പിന്തുണച്ച് നിരവധി പേരെത്തി. കുരുന്നിന്‍റെ പരാതി ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടികളുടെ ഗൃഹപാഠങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനുള്ളില്‍ നയം രൂപീകരിക്കണമെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

"മനോഹരമായ പരാതി. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനകം നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം"- പെൺകുട്ടിയുടെ വീഡിയോയ്ക്ക് മറുപടിയായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്ത് ഇങ്ങനെയായിരുന്നു.

അഞ്ച് ദിവസത്തിനകം നടപടിയായി. പ്രീ പ്രൈമറി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിന്‍റെ ദൈര്‍ഘ്യം നാല് മണിക്കൂറില്‍ നിന്ന് 30 മിനിട്ടും പ്രൈമറി വിഭാഗത്തിന്‍റേത് 90 മിനിട്ടും ആയി കുറച്ചു. 9-12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പരമാവധി 3 മണിക്കൂറേ പാടുള്ളൂ എന്നും തീരുമാനമായി. തന്‍റെ പരാതിയില്‍ നടപടി ഉണ്ടായെന്നറിഞ്ഞപ്പോള്‍ മഹിറ ഹാപ്പിയായി. പക്ഷേ സ്കൂള്‍ മിസ് ചെയ്യുന്നുവെന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News