''മാസ്ക് ധരിക്കുകയെന്നത് മണ്ടന്‍ നിയമം'': ഡോക്ടര്‍ അറസ്റ്റില്‍

മാസ്ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഡോക്ടരെ അറസ്റ്റ് ചെയ്തു

Update: 2021-05-20 06:48 GMT
By : Web Desk
Advertising

ആള് ഡോക്ടറാണ്. പക്ഷേ മാസ്ക് ധരിക്കുന്നത് വിഡ്ഢിത്തരമാണെന്നാണ് വാദം. എന്തായാലും സംഭവം കേസായിട്ടുണ്ട്. മംഗളുരു കാദ്‍രിയിലെ ജിമ്മി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.

മാസ്ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റിലെത്തുകയും മാസ്ക് ധരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും നിരാകരിക്കുകയും ചെയ്ത ഡോക്ടര്‍ക്കെതിരെയാണ് കര്‍ണാടക പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാനുള്ള നിയമം, മണ്ടന്‍ തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

മാസ്ക് ധരിക്കാത്തതിനെ ചൊല്ലി ജീവനക്കാരും ഡോക്ടറും തമ്മിലുള്ള തര്‍ക്കത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാര്‍ മാത്രമല്ല, സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനായി എത്തിയവരും അദ്ദേഹത്തോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

മാസ്ക് ധരിക്കാതെ കൌണ്ടറിലേക്ക് ബില്‍ അടിക്കാനുള്ള സാധനങ്ങളെടുത്ത് വെക്കുകയാണ് ഡോക്ടര്‍. ബില്ലിംഗ് സെക്ഷനിലെ സ്റ്റാഫ് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ നേരത്തെ കോവിഡ് ബാധിച്ച് ഭേദമായ ആളാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി. അതുകൊണ്ട് രോഗം പകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസ്ക് ധരിക്കുക എന്ന നിയമമാണെന്നും ആ നിയമം എല്ലാവരും അനുസരിക്കണമെന്നും ജീവനക്കാരന്‍ വീണ്ടും ഡോക്ടറോട് പറയുന്നുണ്ട്. എന്നാല്‍ മാസ്ക് ധരിക്കുക എന്നത് വിഡ്ഢി നിയമാണെന്നായിരുന്നു ഡോക്ടറുടെ വാദം. സര്‍ക്കാരുണ്ടാക്കുന്ന വിഡ്ഢി നിയമങ്ങള്‍ അനുസരിക്കാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസ്ക് ധരിക്കാതിരുന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങനെത്തിയവരും രോഗഭീഷണിയിലാവുമെന്ന് ജീവനക്കാരന്‍ പറയുന്നുണ്ട്. അവസാനം അത് ഒരു തര്‍ക്കമായെങ്കിലും ഡോക്ടര്‍ അതൊന്നും ഗൌനിക്കുന്നുണ്ടായിരുന്നില്ല.

തുടര്‍ന്നാണ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

By - Web Desk

contributor

Similar News