എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍: കേന്ദ്രത്തിന്‍റെ പുതിയ വാക്സിൻ നയം ഇന്ന് പ്രാബല്യത്തിൽ

കോടതിയിൽ നിന്നുൾപ്പെടെ ഉണ്ടായ വിമർശനത്തിന് പിന്നാലെയാണ് എല്ലാവർക്കും സൗജന്യ വാക്സിനെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

Update: 2021-06-21 02:50 GMT
Advertising

കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 18 വയസ്സ് മുതലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതാണ് പുതിയ നയം. വാക്സിൻ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും.

45 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിന്‍ നൽകുമ്പോൾ 18-44 വയസ്സുകാർക്കുള്ളത് വിലകൊടുത്തു വാങ്ങണമെന്ന് പറയുന്നത് വിവേകമില്ലാത്ത തീരുമാനമാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചത്. കോടതിയിൽ നിന്നുൾപ്പെടെ ഉണ്ടായ വിമർശനത്തിന് പിന്നാലെയാണ് എല്ലാവർക്കും സൗജന്യ വാക്സിനെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

പുതിയ നയ പ്രകാരം 18 വയസ്സ് കഴിഞ്ഞവർക്കെല്ലാം ഇന്ന് മുതൽ സൗജന്യമായി വാക്സിൻ ലഭിക്കും. 18 വയസ് കഴിഞ്ഞവർക്കായി സംസ്ഥാനങ്ങളോട് വാങ്ങാനാവശ്യപ്പെട്ട 25 ശതമാനമുൾപ്പെടെ 75 ശതമാനം വാക്സിനും ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ നേരിട്ട് സംഭരിച്ചു നൽകും. വിതരണത്തിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം.

ബാക്കിവരുന്ന 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. വാക്സിൻ കുത്തിവെയ്ക്കുന്നതിന് ഒരാളിൽ നിന്ന് 150 രൂപ വരെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാം. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം നടപ്പിലാക്കുന്നതോടു കൂടി നിലവിൽ സംസ്ഥാനങ്ങൾ നേരിടുന്ന വാക്സിൻ ദൗർലഭ്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News