മഴദേവനെ പ്രീതിപ്പെടുത്താൻ ത്രിപുരയിൽ തവളകളുടെ കല്യാണം; വൈറൽ വീഡിയോ കാണാം

പരമ്പരാഗത വിവാഹ വസ്ത്രങ്ങളിലെത്തിയ 'വധൂവരന്മാര്‍' പരസ്പരം ഹാരമണിയിച്ചും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയും ആചാരപ്രകാരം തന്നെയായിരുന്നു ചടങ്ങ്

Update: 2021-05-06 11:13 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് മഹാമാരി ഒരു വശത്ത് തുടരുമ്പോഴും നാട്ടിൽ കല്യാണങ്ങൾക്ക് മുടക്കമൊന്നുമില്ല. ആളെണ്ണം കുറച്ചും ആർഭാടങ്ങളും ആഘോഷങ്ങളും വെട്ടിച്ചുരുക്കിയും വിവാഹങ്ങൾ നടത്താമെന്നത് കോവിഡ് കാലത്തെ ഒരു പാഠമാണ്. സൂം കല്യാണങ്ങൾ പുതിയ കണ്ടെത്തലും. എന്നാൽ, കോവിഡ് വന്നെന്നു കരുതി മനുഷ്യനു മാത്രമല്ല തവളകൾക്കും കല്യാണം കഴിക്കാതിരിക്കാനാകുമോ!?

അതെന്തു ചോദ്യമെന്നു പറഞ്ഞു ചിരിച്ചു തള്ളേണ്ട. ത്രിപുരയിലെ ഒരു തവളക്കല്യാണമാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. നാട്ടിലെ കൊടുംവരൾച്ചയ്ക്ക് അറുതിയുണ്ടാക്കാൻ കണ്ടെത്തിയ പരിഹാരക്രിയയാണ് തവളക്കല്യാണം! തവളകളെക്കൊണ്ട് കല്യാണം കഴിപ്പിച്ചാൽ മഴദേവനു പ്രീതിയാകും. അങ്ങനെ നാട്ടിൽ മഴ സമൃദ്ധിയായി പെയ്ത് ക്ഷാമം തീരുമെന്നാണ് ഈ ആചാരക്കാരുടെ വിശ്വാസം.

ദേശീയ വാർത്താ ഏജൻസി ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരമ്പരാഗത വസ്ത്രങ്ങൾ ചമയിച്ചാണ് തവളകളെ കല്യാണത്തിന് ഒരുക്കിയിരിക്കുന്നത്. കൃത്യമായ ഹിന്ദു ആചാര പ്രകാരമാണ് 'വിവാഹ'ചടങ്ങ് നടക്കുന്നത്. വീഡിയോയിൽ പ്രദേശത്തുകാരായ രണ്ടു സ്ത്രീകൾ ആൺ തവളയെയും പെൺ തവളയെയും പിടിച്ച് പരസ്പരം കല്യാണം കഴിപ്പിക്കുന്നു. 'വരൻ' തവളയെക്കൊണ്ട് 'വധു' തവളയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്യിക്കുന്നുണ്ട്. ആചാരം തെറ്റിയിട്ട് മഴദേവൻ പിണങ്ങേണ്ടെന്നു കരുതിയാവണം സമീപത്തെ കുളത്തിൽ വിസ്തരിച്ചുള്ള കുളി നടത്തിയും പരസ്പരം ഹാരങ്ങൾ കൈമാറിയും ചടങ്ങിന് ഒരു കുറവും വരുത്തിയിട്ടില്ല ഇവർ!

2019ലും സമാനമായ സംഭവം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. മഴദേവനെ പ്രീതിപ്പെടുത്താൻ തന്നെയായിരുന്നു ഇതും. ദേവൻ പ്രീതിപ്പെട്ട് മഴ കോരിച്ചൊരിഞ്ഞതോടെ അവസാനം നാട്ടുകാരും പൊല്ലാപ്പിലായി. ഒടുവിൽ മഴക്കെടുതിയിൽനിന്നു രക്ഷപ്പെടാൻ തവളകളെ പരസ്പരം 'മൊഴിചൊല്ലിച്ച് ' വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു!

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News