അലോപ്പതിക്കെതിരായ പ്രസ്താവനകള്‍ പിന്‍വലിക്കണം: രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി

ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണെന്നാണ് രാംദേവിന്‍റെ ആരോപണം.

Update: 2021-05-23 14:52 GMT
Advertising

ആധുനിക വൈദ്യശാസ്ത്രത്തെപ്പറ്റി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അലോപ്പതിക്കെതിരായ പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസയച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. 

അലോപ്പതിക്കെതിരെ ബാബാ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ രാംദേവിന്‍റെ പ്രസ്താവനകളെ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ.എം.എ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ.എം.എ ലീഗല്‍ നോട്ടീസ് അയച്ചത്.

ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണെന്നാണ് രാംദേവിന്‍റെ ആരോപണം. നേരത്തെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ രാംദേവും അദ്ദേഹത്തിന്‍റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സഹായം തേടാറുണ്ട്. സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്‍റെ വ്യാജമരുന്നുകള്‍ വില്‍പന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് ഐ.എം.എ ആരോപിക്കുന്നത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News