'ബിജെപിയിൽ ചേർന്നത് അബദ്ധമായി'; പരസ്യമായി ഏറ്റുപറഞ്ഞ് ബംഗാളിലെ മുന്‍ തൃണമൂല്‍ പ്രവർത്തകർ
മോഹൻ ബഗാൻ താരവും എംഎൽഎയുമായിരുന്ന ദിപേന്ദു ബിശ്വാസ്, ബംഗാൾ നിയമസഭയിലെ പ്രഥമ വനിതാ ഡെപ്യൂട്ടി സ്പീക്കറായ സൊണാലി ഗുഹ, മുന്‍ എംഎല്‍എ പ്രബീര്‍ ഘോഷാല്‍ എന്നിവർ മാപ്പപേക്ഷയുമായി മമത ബാനർജിക്ക് കത്തെഴുതിയിരുന്നു
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മിന്നുന്ന ഹാട്രിക് വിജയത്തിനു പിറകെ പാർട്ടിയിലേക്ക് പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്ക് തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് കൂടുമാറിയവരാണ് വ്യാപകമായി 'ഘര്‍വാപസി' പാതയിലുള്ളത്. പല നേതാക്കളും തിരിച്ചുവരവ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഒരുകൂട്ടം പ്രവർത്തകർ കൂറുമാറ്റത്തിന് പരസ്യമായി മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
ബിർഭൂം ജില്ലയിലാണ് നിരവധി ബിജെപി പ്രവർത്തകർ പരസ്യമായി മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയിൽ ചേർന്നത് അബദ്ധമായെന്നും തൃണമൂലിലേക്ക് തന്നെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഇവർ പറഞ്ഞത്. വാഹനങ്ങളിൽ മൈക്ക് കെട്ടിയായിരുന്നു പ്രവർത്തകരുടെ പരസ്യമാപ്പ്. ഗ്രാമത്തിലെ റോഡുകളിലൂടെ മാപ്പുപറഞ്ഞു പ്രകടനം നടത്തുകയും ചെയ്തു.
It was a mistake, want to join TMC now: BJP workers issue public apology over microphone at a village in Birbhum ! pic.twitter.com/ccU70rKIEm
— Indrajit | ইন্দ্রজিৎ - কলকাতা (@iindrojit) June 8, 2021
നേരത്തെ പാർട്ടി വിട്ട നിരവധി നേതാക്കളാണ് തെരഞ്ഞെടുപ്പിലെ തൃണമൂലിന്റെ ഉജ്ജ്വല വിജയത്തിനു പിറകെ മനംമാറ്റവുമായി രംഗത്തെത്തിയത്. പലരും പരസ്യമായിത്തന്നെ തിരിച്ചുവരാനുള്ള ആഗ്രഹം പങ്കുവച്ചുകഴിഞ്ഞിട്ടുണ്ട്. മോഹൻ ബഗാൻ താരവും എംഎൽഎയുമായിരുന്ന ദിപേന്ദു ബിശ്വാസ്, ബംഗാൾ നിയമസഭയിലെ പ്രഥമ വനിതാ ഡെപ്യൂട്ടി സ്പീക്കറായ സൊണാലി ഗുഹ, മുന്‍ എംഎല്‍എ പ്രബീര്‍ ഘോഷാല്‍ ഇവരിൽ പ്രമുഖരാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച മുൻ ഫുട്‌ബോൾ താരം ദിപേന്ദു 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതായതോടെയാണ് മാർച്ചിൽ ബിജെപിയിൽ ചേർന്നത്. നാലു തവണ സത്ഗച്ചിയ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചയാളാണ് സൊണാലി. 2011ൽ തൃണമൂൽ എംഎൽഎയായിരിക്കെയാണ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ദിപേന്ദുവിനെപ്പോലെത്തന്നെ ഇത്തവണ പാർട്ടി സീറ്റ് നൽകാതിരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു സൊണാലി. ഇരുവരും മാപ്പപേക്ഷയുമായി മമത ബാനർജിക്ക് കത്തെഴുതിയിട്ടുണ്ട്. പാർട്ടിയിലേക്കു തിരിച്ചത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ജീവഭയം കൊണ്ടാണ് പ്രവർത്തകർ മാപ്പുപറഞ്ഞു രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി ജില്ലാ നേതാക്കൾ പറഞ്ഞു. ''ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ തൃണമൂല്‍ കവർന്നിരിക്കുകയാണ്. താഴേക്കിടയിലുള്ള പ്രവർത്തകർ ഭയത്തോടെയാണ് കഴിയുന്നത്. അതുകൊണ്ടാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരായിരിക്കുന്നത്'' ബിർഭൂം ജില്ലാ ബിജെപി പ്രസിഡന്റ് ധ്രുബ സാഹ പ്രതികരിച്ചു.