ജോലിയില്ല അതുകൊണ്ട് നികുതിയടക്കാൻ സാധിക്കില്ല-കങ്കണ
ബോളിവുഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമാണ് കങ്കണ
കഴിഞ്ഞ വർഷം മുതൽ ജോലിയില്ലാത്തതിനാൽ ഈ വർഷം നികുതിയടക്കാൻ സാധിക്കില്ലെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സമൂഹ മാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബോളിവുഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമാണ് കങ്കണ. ''എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നയാളാണ് ഞാൻ. ഏറ്റവും കൂടുതൽ നികുതി സർക്കാരിന് നൽകുന്ന ബോളിവുഡ് നടിയെന്ന പദവിയും സ്വന്തമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്.'-കങ്കണ പറഞ്ഞു.
ആദ്യമായാണ് ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ നേരിടുന്നത്. താൻ നികുതി അടയ്ക്കാൻ വൈകിയെന്നും അടയ്ക്കാത്ത ആ നികുതി പണത്തിന് സർക്കാർ പലിശ ഈടാക്കുന്നുണ്ട്, ആ നീക്കത്തെ താൻ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും കങ്കണ വ്യക്തമാക്കി. വ്യക്തിപരമായി എല്ലാവർക്കും നഷ്ടങ്ങൾ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുതായും താരം പറഞ്ഞു.
നിരവധി വിവാദ പ്രസ്താവനകൾ നടത്തി നിരന്തരം വാർത്തകളിൽ നിറയുന്ന നടിയാണ് കങ്കണ. അടുത്തിടെ കോവിഡ് വെറും ജലദോഷ പനിയാണെന്ന നടിയുടെ പ്രസ്താവ വിവാദമായിരുന്നു. പിന്നാലെ ഇത് തെറ്റാണെന്നും രോഗമുക്തിക്ക് ശേഷം തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു.
ബിജെപിയെ പിന്തുണച്ച് രംഗത്ത് വന്നതിനെ തുടർന്ന് നിരവധി തവണ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. വിവാദ പ്രസ്താവനകളെ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ട്വിറ്റർ തന്നെ നീക്കം ചെയ്തിരുന്നു.