കോവിഡ്; ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 5 കോടി സംഭാവന നല്‍കി കിയ ഇന്ത്യ

ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തുക വിനിയോഗിക്കാമെന്ന് ആന്ധ്രയിലെ അനന്തപൂര്‍ ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കിയയുടെ അധികൃതര്‍ പറഞ്ഞു

Update: 2021-05-20 14:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

മഹാമാരിയില്‍ നട്ടം തിരിയുന്ന ആന്ധ്രാപ്രദേശിന് കൈത്താങ്ങുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കിയ അഞ്ച് കോടി രൂപ സംഭാവന നല്‍കി.

ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തുക വിനിയോഗിക്കാമെന്ന് ആന്ധ്രയിലെ അനന്തപൂര്‍ ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കിയയുടെ അധികൃതര്‍ പറഞ്ഞു. '' കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം കൂടുന്നത് ഞെട്ടിക്കുന്നതാണ്. വൈറസ് പടരാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന് ആന്ധ്ര സർക്കാരിനോട് നന്ദി പറയുകയും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ 5 കോടി രൂപയുടെ പിന്തുണ നൽകുകയും ചെയ്യുന്നുവെന്ന്'' കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കുഖ്യുൻ ഷിം പറഞ്ഞു.

ആശുപത്രികളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ക്രയോജനിക് ടാങ്കറുകൾ, ഡി 4 തരം മെഡിക്കൽ ഗ്രേഡ് സിലിണ്ടറുകൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഫണ്ട് ഉപയോഗപ്പെടുത്താം. പകർച്ചവ്യാധിയെ ചെറുക്കുന്നതിനും അതിൽ നിന്ന് സുരക്ഷിതമായി പുറത്തുവരുന്നതിനും സർക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൂർണ്ണ പിന്തുണ നൽകുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കിയ സര്‍ക്കാരിന്‍റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2 കോടി രൂപ സംഭാവന നല്‍കിയിരുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News