കുംഭമേള ചുരുക്കണം; പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി
സ്വാമി അവധേശാനന്ദ ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു.
കോവിഡ് വ്യാപനം അതിശക്തമാകുന്ന പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുസംബന്ധിച്ച് സ്വാമി അവധേശാനന്ദ ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കുന്നുവെന്ന് അവധേശാനന്ദ ഗിരി പ്രതികരിച്ചിട്ടുണ്ട്.
സന്യാസിമാരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായും സര്‍ക്കാരുമായി സഹകരിക്കാമെന്ന് അവര്‍ അറിയിച്ചതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുംഭ മേള നടക്കുന്ന ഉത്തരാഖണ്ഡിലെ കോവിഡ് കേസുകളിൽ 89 മടങ്ങ് വർധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 172 കേസുകളാണ് ഫെബ്രുവരി 14 മുതൽ 28 വരെ റിപ്പോർട്ട് ചെയ്തതെങ്കില്‍ ഏപ്രിൽ ഒന്നു മുതൽ പതിനഞ്ചു വരെ 15,333 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ഒന്നിനു കുംഭമേള തുടങ്ങിയതിന് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2,000മുതൽ 2,500വരെ ആയിരുന്നു.