ചെന്നൈയിലെ മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ്; ഒരു സിംഹം ചത്തു

ഒമ്പത് വയസുള്ള ലീല എന്ന പെണ്‍സിംഹമാണ് ചത്തത്.

Update: 2021-06-04 13:59 GMT
Advertising

ചെന്നൈയിലെ വണ്ടല്ലൂര്‍ സുവോളജിക്കൽ പാർക്കിലെ ഒമ്പത്​ സിംഹങ്ങൾക്ക്​ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ഇന്നലെ ചത്തിരുന്നു. ഒമ്പത് വയസുള്ള ലീല എന്ന പെണ്‍സിംഹമാണ് ചത്തത്. ഇതേ തുടർന്നാണ്​ ബാക്കിയുള്ള 11 സിംഹങ്ങളെ കോവിഡ്​ പരിശോധനയ്ക്ക്​ വിധേയമാക്കിയത്. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസാണ് സിംഹങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചത്. എന്നാല്‍, എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല സ്വീകരിച്ചിരുന്നു. സമ്പർക്കമൊഴിവാക്കുന്നതിന്​ സിംഹങ്ങളും കുരങ്ങുകളും ഉൾപ്പെടെ മുഴുവൻ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളിലാണ്​ പാർപ്പിച്ചിരുന്നത്​.

അതേസമയം, കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട്. ഈയിടെ ഹൈദരാബാദിലെ മൃഗശാലയില്‍ എട്ടു​ സിംഹങ്ങൾക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News