ക്യാപ്റ്റന്‍റെ പെരുന്നാള്‍ സമ്മാനം; പഞ്ചാബിന്റെ 23-ാമത് ജില്ലയായി മലർകോട്‌ല

കോൺഗ്രസിന്റെ വിഭജനനയത്തിന്റെ തെളിവെന്ന് യോഗി ആദിത്യനാഥിന്‍റെ വിമര്‍ശനം

Update: 2021-05-15 11:38 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബിന്റെ 23-ാമത് ജില്ലയായി മലർകോട്‌ല. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണു പുതിയ ജില്ല പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഏക മുസ്‍ലിം ഭൂരിപക്ഷ പട്ടണമായ സംഗ്രൂരിൽനിന്ന് വിഭജിച്ചാണ് പുതിയ ജില്ല രൂപീകരിച്ചിരിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ചുള്ള ചടങ്ങിലാണ് അമരീന്ദർ സിങ് പുതിയ ജില്ലാ പ്രഖ്യാപനം നടത്തിയത്. അമർഗഡ്, അഹ്മദ്ഗഡ് എന്നീ പ്രദേശങ്ങളും പുതിയ ജില്ലയുടെ ഭാഗമാകും.

ചെറിയ പെരുന്നാളിന്റെ ഈ മംഗളകരമായ മുഹൂർത്തത്തിൽ മലർകോട്‌ല സംസ്ഥാനത്തെ പുതിയ ജില്ലയായി പ്രഖ്യാപിക്കുകയാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് 23-ാമത്തെ ജില്ലയെന്നും അദ്ദേഹം കുറിച്ചു. മലർകോട്‌ലയ്ക്ക് ജില്ലാ പദവി നൽകുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു.

മലർകോട്‌ലയിൽ 500 കോടിയുടെ മെഡിക്കൽ കോളേജ്, വനിതാ കോളേജ്, പുതിയ ബസ് സ്റ്റാൻഡ്, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവ നിർമിക്കുമെന്നും അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. മലർകോട്‌ല നവാബായിരുന്ന ഷേർ മുഹമ്മദ് ഖാന്റെ പേരിലാണ് സർക്കാർ മെഡിക്കൽ കോളേജ് നിർമിക്കുന്നത്.

അതേസമയം, കോൺഗ്രസിന്റെ വിഭജന നയത്തിന്റെ തെളിവാണ് പുതിയ പഞ്ചാബ് ജില്ലാ രൂപീകരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവ് ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണെന്നും യോഗി ആക്ഷേപിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News