തൃണമൂല്‍ എം.എല്‍.എ രാജിവെച്ചു; ഭവാനിപ്പൂരില്‍ മത്സരിക്കാനൊരുങ്ങി മമത ബാനര്‍ജി

ഭവാനിപ്പൂര്‍ എം.എല്‍.എ സൊവാന്‍ദേബ് ഛതോപാധ്യായയാണ് രാജിവെച്ചത്.

Update: 2021-05-21 14:30 GMT
Advertising

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടാനൊരുങ്ങുന്നു. ഭവാനിപ്പൂര്‍ എം.എല്‍.എ സൊവാന്‍ദേബ് ഛതോപാധ്യായ രാജിവെച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും നന്ദിഗ്രാമില്‍നിന്ന് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും ചെയ്ത സുവേന്ദു അധികാരിയായിരുന്നു മമതയെ പരാജയപ്പെടുത്തിയത്.

പാര്‍ട്ടി വമ്പന്‍വിജയം നേടിയതിനു പിന്നാലെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും നിയമസഭാംഗം അല്ലാത്തയാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലെങ്കില്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാ അനുച്ഛേദത്തില്‍ പറയുന്നത്.

ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയില്ലെങ്കില്‍ മമതയ്ക്ക് അധികാരത്തില്‍ തുടരാനാകില്ല. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്. 2011ലും 2016ലും ഭവാനിപ്പൂരില്‍ നിന്നാണ് മമത ബാനര്‍ജി ജയിച്ചത്. 2016ല്‍ 25,000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു ജയം.

"ഭവാനിപ്പൂര്‍ മുഖ്യമന്ത്രിയുടെ സീറ്റാണ് ഞാന്‍ അതിനെ സംരക്ഷിച്ചെന്നേ ഉള്ളൂ," എന്നാണ് രാജിക്കുപിന്നാലെ സൊവാന്‍ദേബ് പ്രതികരിച്ചത്. എം.എല്‍.എ സ്ഥാനമൊഴിഞ്ഞത് സ്വന്തം തീരുമാനപ്രകാരമാണെന്നും ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News