കാണാതായ മകളെ കണ്ടുപിടിക്കാന്‍ കൈക്കൂലി വേണമെന്ന് പൊലീസ്; പിതാവ് ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശിലെ മാ ചാന്ദ്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശിശുപാലാണ്(45) ആത്മഹത്യ ചെയ്തത്

Update: 2021-04-13 06:03 GMT
Editor : Jaisy Thomas
Advertising

കാണാതായ മകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മാ ചാന്ദ്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശിശുപാലാണ്(45) ആത്മഹത്യ ചെയ്തത്.

ശിശുപാലിന്‍റെ 22കാരിയായ മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 9ന് അൻല പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബന്തി, മുകേഷ്, ദിനേശ് എന്നീ മൂന്ന് പേർ മകളെ ബൈക്കിൽ തട്ടിക്കൊണ്ടുപോയതായി ശിശുപാല്‍ വ്യക്തമാക്കിയിരുന്നു. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്നാണ് രാംനഗര്‍ പൊലീസ് ഔട്ട്പോസ്റ്റിന്‍റെ ചുമതലയുള്ള രാം രത്തന്‍ സിംഗ്  ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ശിശുപാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രത്തന്‍ സിംഗ് ശിശുപാലിന്‍റെ ആത്മഹത്യക്കുറിപ്പ് വലിച്ചു കീറുകയും ചെയ്തു. പിന്നീട് ഗ്രാമവാസികള്‍ ഇയാളെ പിടികൂടെ പൊലീസിന് കൈമാറുകയായിരുന്നു. സബ് ഇൻസ്പെക്ടറെ ഔട്ട്‌പോസ്റ്റിൽ നിന്ന് മാറ്റിയതായും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം അന്വേഷണത്തിലാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്‌വാൻ പറഞ്ഞു

Tags:    

Editor - Jaisy Thomas

contributor

Similar News