കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കൂട്ടികളാവാം, ലക്ഷദ്വീപ് പഞ്ചായത്തംഗങ്ങള്‍ക്ക് പറ്റില്ലെന്നോ?-മഹുവ മൊയ്ത്ര

അഡ്മിനിസ്‌ട്രേറ്ററുടെ അര്‍ത്ഥശൂന്യവും ജനവിരുദ്ധവുമായ നിയമത്തിന്റെ ഇരട്ടത്താപ്പ് പൊളിക്കുന്ന മഹുവ മൊയ്ത്രയുടെ ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Update: 2021-05-28 09:53 GMT
Advertising

ലക്ഷദ്വീപ് ജനതക്കുമേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് അംഗങ്ങളാവാന്‍ കഴിയില്ലെന്ന പുതിയ നിയമത്തിനെതിരെയാണ് മഹുവ മൊയ്ത്ര വിമര്‍ശനമുന്നയിച്ചത്.

നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുക?-മഹുവ മൊയ്ത്ര ട്വീറ്റിലുടെ ചോദിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്ണും. മകന്‍ പങ്കജ് സിങ് യു.പി എം.എല്‍.എയാണ്. ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും മൂന്ന് കുട്ടികളാണുള്ളത്. രണ്ട് ആണ്‍മക്കളും ഒരു പെണ്ണും. പേര് ധ്രുവ, അര്‍ജുന്‍, മേധ. റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്ക് നിഖില്‍, സാരംഗ്, കെറ്റ്കി എന്നീ മൂന്ന് മക്കളുണ്ട്.

അഡ്മിനിസ്‌ട്രേറ്ററുടെ അര്‍ത്ഥശൂന്യവും ജനവിരുദ്ധവുമായ നിയമത്തിന്റെ ഇരട്ടത്താപ്പ് പൊളിക്കുന്ന മഹുവ മൊയ്ത്രയുടെ ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദ്വീപ് നിവാസികളടക്കം നിരവധി പേരാണ് മൊയ്ത്രയുടെ ട്വീറ്റ് റീട്വിറ്റ് ചെയ്തിരിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News