കോവിഡ് അനാഥരാക്കിയ കുട്ടികളില്‍ പകുതിയിലധികവും 4 മുതല്‍ 13 വയസ് വരെ പ്രായമുള്ളവര്‍

കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 'ബാല്‍ സ്വരാജ്' പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Update: 2021-06-03 06:50 GMT
Advertising

കോവിഡ് മൂലം അനാഥരായ കുട്ടികളില്‍ പകുതിയിലധികം പേരും നാല് മുതല്‍ 13 വയസുവരെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. 788 കുട്ടികള്‍ മൂന്ന് വയസിന് താഴെയുള്ളവരാണ്. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ മൊത്തം കുട്ടികളുടെ എണ്ണം 9346 ആണ്. ഇതില്‍ 3,332 പേര്‍ 14 മുതല്‍ 17വരെ വയസിനിടയിലുള്ളവരാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനാഥരായ കുട്ടികളില്‍ 4860 പേര്‍ ആണ്‍കുട്ടികളും 4486 പേര്‍ പെണ്‍കുട്ടികളുമാണെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ പറയുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതല്‍ നടപടികള്‍ വേണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അഫിഡവിറ്റില്‍ പറയുന്നു.

കോവിഡ് മൂലം അനാഥരായ സഹായമാവശ്യമുള്ള കുട്ടികളെ കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത്തരത്തില്‍ സാമ്പത്തിക സ്ഥിതിയില്ലാത്തവരോ കുടുംബത്തെ നഷ്ടപ്പെട്ടവരോ ആയ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് മുമ്പില്‍ ഹാജരാക്കും. ഇത്തരം കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 'ബാല്‍ സ്വരാജ്' പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ കോടതിയെ അറിയിച്ചു.

നിരവധി സ്വകാര്യ വ്യക്തികളും സംഘടനകളും അനാഥരായ കുട്ടികളെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി പരാതികള്‍ വരുന്നുണ്ട്. ഇതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. നിയമപരമായി മാത്രമേ ഏറ്റെടുക്കാന്‍ അനുവദിക്കുകയുള്ളൂ എന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News