ഇനി ഒരിക്കലും നമ്മള്‍ കണ്ടുമുട്ടിയില്ലെന്ന് വരാം; ഫേസ്ബുക്കില്‍ വിട പറഞ്ഞതിന് പിന്നാലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു
മഹാരാഷ്ട്രയിലെ സേവ്രി ടിബി ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായിരുന്നു മനീഷ
''ഇതെന്‍റെ അവസാനത്തെ ഗുഡ് മോര്‍ണിംഗ് ആയിരിക്കും. ഒരിക്കലും ഈയൊരു പ്ലാറ്റ്ഫോമില്‍ നമ്മള്‍ കണ്ടുമുട്ടിയില്ലെന്നും വരാം. എല്ലാവരും സുരക്ഷിതരായിരിക്കുക. ശരീരത്തിന് മാത്രമേ മരണമുള്ളൂ, ആത്മാവിനില്ല. ആത്മാവ് അനശ്വരമാണ്'' 51 കാരിയായ ഡോ. മനീഷ യാദവ് ഫേസ്ബുക്കില്‍ ഇതു കുറിക്കുമ്പോള്‍ സൌഹൃദവലയത്തിലുള്ള ആരും വിചാരിച്ചുകാണില്ല ഇതവരുടെ അവസാനത്തെ സന്ദേശമായിരിക്കുമെന്ന്. ഈ വിട പറയല്‍ സ്റ്റാറ്റസിന് ശേഷം പിന്നെയാരും മനീഷയെ കണ്ടതുമില്ല. കോവിഡ് ബാധിതയായ മനീഷ പിറ്റേദിവസം ഈ ലോകത്തോട് വിട പറയുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സേവ്രി ടിബി ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായിരുന്നു മനീഷ. ഞായറാഴ്ചയാണ് അവസാന വാക്കുകള്‍ പോലെ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഈ സ്റ്റാറ്റസ് ഇട്ടത്. തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ആശുപത്രിയിലെ ഭരണകാര്യങ്ങളും മെഡിക്കല്‍ വിഭാഗവും ഒരു പോലെ കൈകാര്യം ചെയ്തിരുന്ന ഡോക്ടറായിരുന്നു മനീഷ. മഹാരാഷ്ട്രയില്‍ ഇതുവരെ 168 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.