മൃതശരീരങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കണം, ആദരവ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുളള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Update: 2021-05-15 01:46 GMT
Editor : Suhail | By : Web Desk
Advertising

കോവി‍‍ഡ് രണ്ടാം തരം​ഗ വ്യാപനത്തിനിടെ, രോ​ഗം ബാധിച്ച് മരിച്ചവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മരിച്ചുപോകുന്ന രോ​ഗികളുടെ മൃതശരീരങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, മരിച്ചവരുടെ അന്തസ്സും അവകാശവും ഉയർത്തിപ്പിടിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണമെന്നും നിർദേശിച്ചു.

 യു.പി, ബിഹാർ സംസ്ഥാനങ്ങളിൽ നദിയിൽ മൃതശരീരങ്ങൾ പൊങ്ങിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മരിച്ചവരുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, മൃതദേഹങ്ങൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം, ജീവിച്ചിരിക്കുന്നവർക്ക് മാത്രമുള്ളതല്ലെന്നും മരിച്ചതിന് ശേഷം മൃതദേഹങ്ങൾക്കും അത്തരം അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

മൃതദേഹങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാർ ബോധവാന്മാരായിരിക്കണം. അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന ജീവക്കാർക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണം. ആചാരപ്രകാരം മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യമില്ലാതിരിക്കെ, അത് ഉറപ്പ് വരുത്താൻ പ്രാദേശിക ഭരണകൂടം മുൻകൈയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കോവി‍‍ഡ് മരണങ്ങൾ ഉയരുന്നതിനിടെ താൽകാലിക ശ്മശാനങ്ങൾ നിർമിക്കണം. കൂട്ടത്തോടെയുള്ള ദഹിപ്പിക്കൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ, വൈദ്യുത ശ്മശാനങ്ങൾ പ്രോത്സാഹിപ്പിക്കണം.. കാര്യത്തിന്റെ ​ഗൗരവം വ്യക്തമാക്കികൊണ്ട് സർക്കാർ, പൊലീസ്, പ്രദേശിക ഭരണകൂടം, ആരോ​ഗ്യപ്രവർത്തകർ, മാധ്യമങ്ങൾ എന്നീ വിവിധ മേഖലയിലുള്ളവർക്ക് വിശദമായ നിർദേശങ്ങളാണ് മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ചത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News