വാക്സീന്‍ നയത്തില്‍ ഇടപെടരുത്: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം

സംസ്ഥാനങ്ങള്‍ സൌജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകില്ലെന്നും കേന്ദ്രം

Update: 2021-05-10 08:43 GMT
By : Web Desk
Advertising

വാക്സീന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വ്യത്യസ്ത വില നിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാജ്യത്തെ വാക്സിന്‍ നയത്തെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വ്യത്യസ്ത വില നിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനങ്ങള്‍ സൌജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകില്ല. വാക്സിന്‍ നയത്തില്‍ കോടതി ഇടപെടല്‍ ആവശ്യമില്ലെന്നും കേന്ദ്രം സുപ്രീകോടതിയെ അറിയിച്ചു. കോടതി ഇടപെടല്‍ എക്സിക്യൂട്ടീവിന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍.

തുല്യത ഉറപ്പാക്കി പക്ഷപാതരഹിതമായാണ് വാക്സിന്‍ വിതരണം. വാക്സിന്‍ കുറവായതിനാല്‍ എല്ലാവര്‍ക്കും ഒരേസമയം നല്‍കാനാകില്ല. ഇത്തരം അസാധാരണ പ്രതിസന്ധികളില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നത്. അത്തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചനാധികാരം സര്‍ക്കാരിനാണ്. വിദഗ്ധരുമായും വാക്സിന്‍ നിര്‍മാതാക്കളുമായും സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്തിട്ടാണ് നയം രൂപീകരിച്ചതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെ ഏപ്രില്‍ 30 നാണ് സര്‍ക്കാരിന്‍റെ വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. വാക്സിനുകള്‍ക്ക് കേന്ദ്രത്തിന് ഒരുവിലയും സംസ്ഥാനങ്ങള്‍ക്ക് മറ്റൊരുവിലയും ആയതിനെയും കോടതി വിമര്‍ശിച്ചിരുന്നു. 

Tags:    

By - Web Desk

contributor

Similar News