'ലോക്ഡൗണ്‍ തത്കാലം ഇല്ല; തെരഞ്ഞെടുപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമില്ലെന്നും അമിത് ഷാ
കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു
രാജ്യത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പുണ്ടോ? അവിടെ 60,000ത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ 4000 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്കും പശ്ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. ധൃതിപിടിച്ച് ലോക്ക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നും അദ്ദേഹം വ്യക്തമാക്കി.
രോഗവ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. പ്രധാനമന്ത്രി ഇതിനോടകം രണ്ട് തവണ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യവിദഗ്ധരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു.