കോവിഡ്​ രോഗികൾ കിടക്കുന്നത് നഗ്​നരായി ടോയ്​ലറ്റിന്​ പുറത്ത്; ഒഡീഷ ആശുപത്രിയിലെ ദൃശ്യങ്ങൾ പുറത്ത്​

കോവിഡ്​ ബാധിച്ച്​ മരിച്ച രോഗിയുടെ പരിചാരകനാണ്​ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

Update: 2021-06-01 07:31 GMT
Advertising

ഒഡീഷയിലെ കോവിഡ്​ ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങൾ പുറത്ത്​. ഗോത്ര മേഖലയായ മയൂർഗഞ്ച്​ ജില്ലയിലെ ആശുപത്രിയിലാണ്​ സംഭവം. കോവിഡ്​ ബാധിതരായവർ ടോയ്​ലറ്റിന്​ സമീപവും വാഷ്​ ബേസിന്​ സമീപവും നിലത്ത്​ കിടക്കുന്നത് വിഡിയോയിൽ​ കാണാം. മറ്റൊരു രോഗി നഗ്​നനായി തറയിൽ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ആശുപത്രിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച രോഗിയുടെ പരിചാരകനായിരുന്ന ബിഭുദത്ത ദാഷാണ്​ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്​. മേയ്​ 22ന്​ അദ്ദേഹത്തി​ന്റെ ബന്ധുവിനെ ബാരിപാഡയിലെ കോവിഡ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേയ്​ 23ന്​ അദ്ദേഹത്തിന്റെ ബന്ധു മരിച്ചു.

'അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ബൻങ്കിസോൾ ആശുപത്രിയിലേക്ക്​ മാറ്റി. മേയ്​ 23ന്​ ഉച്ചയോടെ അദ്ദേഹത്തി​ന്റെ മരണവിവരം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിഡിയോയിൽ തന്റെ ബന്ധു കട്ടിലിൽ ഇരിക്കുന്നത്​ കാണാം. അതിൽ കിടക്കയോ തലയണയോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ടവ്വൽ മാത്രമാണ്​ ധരിച്ചിരുന്നത്​. ചിലർ ടോയ്​ലറ്റിന്​ മുമ്പിൽ നിലത്ത്​ കിടക്കുന്നത്​ കാണാം. അവിടെയിവിടെയായി ഓക്​സിജൻ സിലിണ്ടറുകൾ ഇരിക്കുന്നതും കാണാം. പക്ഷേ അവിടെയാരും അവ കൈകാര്യം ചെയ്യാനില്ലായിരുന്നു. രോഗികളെ പരിചരിക്കാൻ ഡോക്​ടർമാരോ നഴ്​സുമാരോ ഉണ്ടായിരുന്നില്ല. സർക്കാർ കോവിഡ്​ രോഗികളുടെ ചികിത്സക്കായി വലിയ തുക ചെലവാക്കുന്നുണ്ട്​. എന്നാൽ ഇത്രയും തുക ആർക്കുവേണ്ടിയാണോ എവിടേക്കാണോ പോകുന്നത്​?' - അദ്ദേഹം പറയുന്നു.

വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ ബി.ജെ.പി എം.എൽ.എ പ്രകാശ്​ സോറൻ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സി.സി.ടി.വി ​സ്​ഥാപിക്കുമെന്ന്​ മയൂർബഞ്ച്​ ജില്ല കലക്​ടർ അറിയിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News