'മോദി 22,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി തിരക്കിലാണ്'; ചർച്ചയായി ഗുജറാത്ത് സമാചാർ ഒന്നാം പേജ്

"മഹാമാരിക്കിടെ ജനങ്ങൾ ജീവിതത്തിനും മരണത്തിനും ഇടയിൽ തൂങ്ങിയാടിക്കൊണ്ടിരിക്കുമ്പോൾ ഒരു പൊതു സേവകൻ സ്വേച്ഛാധിപതി ആയിക്കൊണ്ടിരിക്കുന്നു"

Update: 2021-05-09 07:21 GMT
Editor : abs | By : Web Desk
Advertising

അഹമ്മദാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം വിറച്ചുകൊണ്ടിരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് സമാചാർ ദിനപത്രം. ഒന്നാം പേജിൽ സെൻട്രൽ വിസ്ത പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ വിമർശനാത്മകമായി പങ്കുവച്ചാണ് പത്രം മോദിക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പത്രം വിസ്ത പദ്ധതിയെ ചിത്രസഹിതം വിമർശിച്ച് ഒന്നാം പേജിൽ ലീഡ് വാർത്തയെഴുതുന്നത്.

'പ്രധാനമന്ത്രി നരേന്ദ്രമോദി 22,000 കോടിയുടെ വിസ്ത പദ്ധതിയിൽ തിരക്കിലാണ്' എന്നാണ് തലക്കെട്ട്. ശീർഷകത്തിന് മുകളിൽ, കോവിഡ് മഹാമാരിക്കിടെ ജനങ്ങൾ ജീവിതത്തിനും മരണത്തിനും ഇടയിൽ തൂങ്ങിയാടിക്കൊണ്ടിരിക്കുമ്പോൾ ഒരു പൊതു സേവകൻ സ്വേച്ഛാധിപതി ആയിക്കൊണ്ടിരിക്കുന്നു എന്നും എഴുതിയിട്ടുണ്ട്. വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നാലു ചിത്രങ്ങളും ചേർത്തിട്ടുണ്ട്. 


വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി അടക്കമുള്ളവർ രംഗത്തെത്തി. ഗുജറാത്തിലെ മുഖ്യധാരാ പത്രങ്ങൾ വരെ മോദിയെ വിമർശിക്കുന്നത് കൗതുകകരം എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് പത്രത്തിന്റെ ഒന്നാം പേജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

നേരത്തെ, ഗുജറാത്തിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട നിജസ്ഥിതികൾ പുറത്തു കൊണ്ടുവന്നതിൽ ഗുജറാത്ത് സമാചാർ ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. കോവിഡ് മരണനിരക്കുകൾ സർക്കാർ പൂഴ്ത്തിവച്ച സാഹചര്യത്തിലാണ് ശ്മശാനങ്ങളിൽ നിന്നുള്ള മരണനിരക്കുകൾ ഉദ്ധരിച്ച് പത്രം സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നത്. 

ഇന്നലെയും ഇത്തരത്തിൽ ഒരു വാർത്ത പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭറൂച്ച് ജില്ലയിൽ ഏഴു മണിക്കൂറിനിടെ 35 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത് എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ശനിയാഴ്ച ഭറൂച്ചിൽ മരിച്ചത് മൂന്നു പേർ മാത്രമാണ്.

1932ൽ സ്ഥാപിക്കപ്പെട്ട അഹമ്മദാബാദ് ആസ്ഥാനമായ പത്രമാണ് ഗുജറാത്ത് സമാചാർ. ജിഎസ്ടിവി എന്ന പേരിൽ വാർത്താ ചാനലും പത്രത്തിന് കീഴിലുണ്ട്.

അതിനിടെ, സെൻട്രൽ വിസത പദ്ധതിക്കെതിരെ വിമർശനങ്ങൾ ശക്തമാണ് എങ്കിലും നിർമാണ പ്രവർത്തനങ്ങളുമായി മുമ്പോട്ടുപോകുകയാണ് കേന്ദ്രസർക്കാർ. നിർമാണത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തി. വർഷങ്ങളെടുത്താണ് വിസ്ത പദ്ധതിയുടെ നിർമാണമെന്നും ഇപ്പോൾ അനുവദിച്ചതിനേക്കാൾ ഇരട്ടി തുക സർക്കാർ കോവിഡ് വാക്‌സിനേഷനായി അനുവദിച്ചിട്ടുണ്ട് എന്നും പുരി പറയുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ മുൻഗണന അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻട്രൽ വിസ്ത പദ്ധതി ക്രിമിനൽ പാഴ്‌ച്ചെലവാണ് എന്നാണ് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. പുതിയ വീടുണ്ടാക്കുന്നതിലല്ല, ജനങ്ങളുടെ ജീവനിലാകണം മുഖ്യശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പദ്ധതിക്കെതിരെ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News