പ്രധാനമന്ത്രി അവഹേളിച്ചു, കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല: മമത ബാനര്‍ജി

വാക്‌സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല.

Update: 2021-05-20 10:57 GMT
Advertising

കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവഹേളിക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അവർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

"പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ചില ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. ഇതോടെ യോഗം അവസാനിക്കുകയായിരുന്നു," മമത വ്യക്തമാക്കി. 

വാക്‌സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല. യോഗത്തില്‍ കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിനുള്ള അവസരമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇത്തരം വാദങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കാതിരുന്നതെന്നും മമത ആരോപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3,874 പേര്‍ രോഗബാധ മൂലം മരിച്ചു.  അതേസമയം, 3,69,077 പേര്‍ രോഗമുക്തരായി. നിലവില്‍ 31,29,878 സജീവ രോഗികളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News