മോദി മന്ത്രിസഭ ഉടന്‍ വികസിപ്പിച്ചേക്കും: ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ മോദി തുടങ്ങിയവര്‍ പരിഗണനയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുന്നു
മോദി സര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ മന്ത്രിസഭ വികസിപ്പിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുകയാണ്.
60 മന്ത്രിമാരാണ് മോദി മന്ത്രിസഭയിലുള്ളത്. മന്ത്രിമാരുടെ എണ്ണം 79 വരെയാകാം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ഡ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. നിതീഷ് കുമാറിന്‍റെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടിയുടെ പ്രതിനിധികളെയും പരിഗണിച്ചേക്കും.
24 മന്ത്രിമാരുടെ പ്രകടനം ഇതിനകം പ്രധാനമന്ത്രിയും സംഘവും വിലയിരുത്തിക്കഴിഞ്ഞു. ചില മന്ത്രിമാരുടെ പ്രകടനത്തില്‍ പ്രധാനമന്ത്രിക്ക് തൃപ്തിയില്ലെന്നാണ് സൂചന. കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉള്‍പ്പെടെ ഭരണ പരാജയങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കൂടി വേണ്ടിയാണ് പെട്ടെന്നുള്ള മന്ത്രിസഭാ വികസനമെന്നാണ് സൂചന.
2019ല്‍ അധികാരമേറ്റ ശേഷം മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശ് മന്ത്രിസഭയും പുനസംഘടിപ്പിച്ചേക്കും.